
ഇന്ന് രാവിലെ 11.30 മുമ്പ് രാജി നൽകാൻ അന്ത്യശാസനം
തിരുവനന്തപുരം: യു.ജി.സി ചട്ടം പാലിക്കാതെ നിയമിതരായ സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരുടെ രാജി ഇന്ന് രാവിലെ 11.30 മുമ്പ് ആവശ്യപ്പെട്ട് സർക്കാരിനെ പ്രഹരിക്കാൻ ഗവർണർ. രാജി വച്ച് കീഴടങ്ങേണ്ടെന്ന് സർക്കാർ. ഇതോടെ, സർക്കാർ-ഗവർണർ പോര് എല്ലാ അതിരും ലംഘിച്ച് പുതിയ തലത്തിലെത്തി.
കേരള, മഹാത്മാഗാന്ധി, കൊച്ചി ശാസ്ത്രസാങ്കേതികം, കണ്ണൂർ, കാലിക്കറ്റ്, ഫിഷറീസ്, ശ്രീ ശങ്കരാചാര്യ, എ.പി.ജെ. അബ്ദുൾകലാം സാങ്കേതികം, കാലടി സംസ്കൃതം, തുഞ്ചത്തെഴുത്തച്ഛൻ മലയാളം വി.സിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീയെ അയോഗ്യയാക്കിയ സുപ്രീംകോടതി ഉത്തരവ് ആയുധമാക്കിയാണ് ഗവർണറുടെ നീക്കം. ഇന്ന് അർദ്ധരാത്രിയോടെ കാലാവധി തീരുന്ന കേരള വി.സി പ്രൊഫ. വി.പി. മഹാദേവൻ പിള്ളയും ഇവരിൽപ്പെടുന്നു. സർവീസ് തീരുന്നതിന് മണിക്കൂറുകൾ മുമ്പ് പുറത്താക്കപ്പെട്ടാലും അദ്ദേഹത്തിന് ആനുകൂല്യങ്ങൾ നഷ്ടമാകും.ഡൽഹിയിൽ നിന്ന് ഇന്നലെയെത്തിയ ഗവർണർ ഒമ്പത് വി.സിമാർക്കും ഇ-മെയിലിലൂടെയും ഫാക്സ് വഴിയും നിർദ്ദേശം കൈമാറി. പിന്നാലെ, രാജ്ഭവൻ പി.ആർ.ഒ ഇക്കാര്യം ട്വിറ്റർ വഴി പുറത്തുവിട്ടു. ചരിത്രത്തിലാദ്യമായാണ് വി.സിമാരോട് ഗവർണർ ഒരുമിച്ച് രാജി ആവശ്യപ്പെടുന്നത്. ഗവർണർക്കെതിരെ പരസ്യപ്രക്ഷോഭത്തിന് ഇടതുമുന്നണി തീരുമാനിച്ചതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയം.
സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം യു.ജി.സി ചട്ടത്തിന് വിരുദ്ധമെന്ന് വിലയിരുത്തി സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. ഇതിനെതിരെ സർക്കാർ പുനഃപരിശോധനാ ഹർജിക്ക് തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര നിയമവും സംസ്ഥാന നിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും നിലനിൽക്കുകയെന്ന ഭരണഘടനാ അനുച്ഛേദം 254 ചൂണ്ടിക്കാട്ടിയാണ് ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. ഇതോടെ ഈ വിധി രാജ്യത്തിന്റെ നിയമമായി . ഇതാണ് ഗവർണർ പിടിവള്ളിയാക്കിയത്.
വി.സി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സെർച്ച് കമ്മിറ്റി ചാൻസലർക്ക് നൽകേണ്ടത്. ഒരു പേര് മാത്രം നൽകിയതും, സുപ്രീംകോടതിയുടെ നടപടിക്ക് കാരണമായി . സർവകലാശാലകളിൽ യു.ജി.സി നിയമമേ നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ചട്ട ലംഘനം രണ്ട്
സെർച്ച് കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രം ഉൾപ്പെടുത്തി, അക്കാഡമിക് വിദഗ്ദ്ധനില്ലാതെ സെർച്ച് കമ്മിറ്റിയുണ്ടാക്കി എന്നിങ്ങനെ യു.ജി.സി ചട്ടലംഘനം രണ്ടെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. കേരള, മഹാത്മാഗാന്ധി, ഫിഷറീസ്, കണ്ണൂർ, സാങ്കേതികം, സംസ്കൃതം സർവകലാശാലകളിൽ സെർച്ച് കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രം. മലയാളം, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലകളിൽ അക്കാഡമിക് വിദഗ്ദ്ധരില്ലാത്ത കമ്മിറ്റിയും.
സർക്കാർ തന്ത്രം
വി.സിമാരെ രാജി വയ്പ്പിക്കാതിരിക്കുക. രാജി വച്ചില്ലെങ്കിൽ പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകണം. സിറ്റിംഗ് ജഡ്ജിയുടെ പ്രത്യേക കമ്മിഷൻ വി.സിമാരെ കേൾക്കണം. ഇന്ന് രാവില 11.30ന് മുമ്പ് ഇതൊക്കെ സാദ്ധ്യമല്ല.
 രാജ്ഭവൻ നീക്കം
സുപ്രീംകോടതി വിധിയോടെ ഈ വി.സിമാർ അയോഗ്യരായിക്കഴിഞ്ഞു. രാജിവച്ചില്ലെങ്കിൽ പുറത്താക്കാം. അതിന് പതിവ് നടപടി ക്രമമൊന്നും നോക്കേണ്ട. പകരം ചുമതല നൽകാൻ പ്രൊഫസർമാരുടെ പാനൽ ശേഖരിച്ചിട്ടുണ്ട്.
സാങ്കേതിക യൂണി. സജി ഗോപിനാഥിന്
ചുമതലയ്ക്ക് ശുപാർശ
തിരുവനന്തപുരം: ഡോ.എം.എസ്. രാജശ്രിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ, സാങ്കേതിക സർവകലാശാലാ വി.സിയുടെ താത്കാലിക ചുമതല ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ. സജി ഗോപിനാഥിന് കൈമാറാനുള്ള ശുപാർശ രാജ്ഭവന് സർക്കാർ കൈമാറിയതും ഗവർണറുടെ നീക്കത്തിന് ആയുധമായി. ശനിയാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി ശുപാർശ ചാൻസലറുടെ അംഗീകാരത്തിനായി അയച്ചത്. ഫയലിൽ ഗവർണർ ഒപ്പുവച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവ് സർക്കാരും അംഗീകരിച്ച സ്ഥിതിക്ക് യു.ജി.സി ചട്ടലംഘനമുള്ള എല്ലാ സർവകലാശാലകളെയും പിടികൂടുകയായിരുന്നു.
രാജിവയ്ക്കില്ലെന്ന് കണ്ണൂർ വി.സി
കണ്ണൂർ: രാജിവയ്ക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. വൈസ് ചാൻസലറെ എങ്ങനെയാണ് പിരിച്ചു വിടേണ്ടതെന്ന് യു.ജി.സി റെഗുലേഷനിൽ പറയുന്നില്ല. ആ സാഹചര്യത്തിൽ സർവകലാശാല ആക്ട് ആണ് നിലനിൽക്കുക. ആക്ട് പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തികക്രമക്കേട് എന്നിവയാണ് വൈസ് ചാൻസലറെ പുറത്താക്കാനുള്ള കാരണങ്ങൾ. മുൻകൂട്ടി നോട്ടീസ് നൽകുകയും വി.സിയുടെ വിശദീകരണം കേൾക്കുകയും വേണം. പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് അവരുടെ നിർദേശപ്രകാരം മാത്രമേ പുറത്താക്കാനാവൂ.