bus

തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തെത്തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഉൾപ്പെടെ എക്സ്ട്രാ ഫിറ്റിംഗുകൾ അഴിച്ചുമാറ്രുകയും മോട്ടോർ വാഹന വകുപ്പ് പരിശോധന കടുപ്പിക്കുകയും ചെയ്തത് നേട്ടമായത് കെ.എസ്.ആർ.ടി.സിക്ക്. വിവാഹ, വിനോദയാത്രകൾക്ക് പലരും കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ, ലോ ഫ്ലോർ എ.സി ബസുകളടക്കം ബുക്ക് ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരുമാസത്തിനിടെ ഇതിലൂടെ 18 ലക്ഷം രൂപയുടെ വരുമാനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്കുണ്ടായി. ഈ കാലയളവിൽ 63 ബസുകളാണ് മിനിമം വാടക നിരക്കിൽ സ്പെഷ്യൽ സർവീസിന് നൽകിയത്.

കൊല്ലം എഴുകോൺ പൊരിക്കൽ സ്വദേശിയായ ബംഗളൂരുവിലെ ഐ.ടി ജീവനക്കാരൻ ഹേമന്തിന്റെ വിവാഹത്തിന് ഇന്നലെ പത്ത് എ.സി ലോഫ്ളോർ ബസുകളാണ് വാടകയ്ക്കെടുത്തത്. പൊരീക്കലിൽ നിന്ന് വിവാഹം നടന്ന ചങ്ങനാശേരിയിലെത്താൻ 7 ബസുകൾ വരന്റെ വീട്ടുകാരും കറുകച്ചാലിൽ നിന്ന് വധുവിന്റെ വീട്ടുകാർ മൂന്ന് ബസുകളുമാണ് വാടകയ്ക്കെടുത്തത്.

ജി.എസ്.ടി ഉൾപ്പെടെ 100 കി.മീറ്റർവരെ 18,000 രൂപയാണ് ഒരു ബസിന്റെ നിരക്ക്.

നിയമലംഘനങ്ങളുടെ പേരിൽ ടൂറിസ്റ്റ് ബസുകൾ വ്യാപകമായി പിടിക്കപ്പെടുന്ന സാഹചര്യവും എ.സി ലോഫ്ളോർ ബസുകളുടെ ഭംഗിയുമാണ് വിവാഹത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ ബുക്ക് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഹേമന്ത് പറഞ്ഞു. നഷ്ടത്തിലായ കോർപ്പറേഷന് അധിക വരുമാനമാകുമല്ലോ എന്ന ചിന്തയും കാരണമായി. പത്ത് ബസുകൾക്കുമായി 1.80 ലക്ഷത്തോളം രൂപയാണ് വാടക ഇനത്തിൽ നൽകിയത്.

'' നിരവധിപ്പേർ വിവാഹ, വിനോദ യാത്രകൾക്ക് ബസുകൾ അന്വേഷിച്ചെത്തുന്നുണ്ട്.

- ബി.എസ് ഷിജു, ഓഫീസർ,

കെ.എസ്.ആർ.ടി.സി സെൻട്രൽ യൂണിറ്റ്