
തിരുവനന്തപുരം: കാൻസർ, ന്യൂറോ സംബന്ധമായ രോഗങ്ങൾക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളിക ലഹരി മരുന്നിന് പകരമായി വിറ്റഴിക്കുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. ഡ്രഗ്സ് കൺട്രോൾ, എക്സൈസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ 2000 ഗുളികകളുമായി കൊല്ലം മയ്യനാട് സുനാമി ഫ്ളാറ്റിൽ താമസിക്കുന്ന അനന്തു (29), കൊല്ലം മുണ്ടയ്ക്കൽ പുതുവൽ പുരയിടം തിരുവാതിര നഗറിൽ അലക്‌സ് (26) എന്നിവരാണ് പിടിയിലായത്.
മുംബയ് ചെമ്പൂരിലുള്ള ഫാർമസിയിൽ നിന്നും കൊറിയറായി മരുന്ന് എത്തുന്നുവെന്ന് എക്‌സൈസിന് ലഭിച്ച വിവരം ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയായിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഗുളിക വിതരണം ചെയ്യുന്നത്. 349 രൂപ വിലയുള്ള 10 ഗുളികകളുള്ള ഒരു സ്ട്രിപ് 2000 രൂപയ്ക്കാണ് വിൽക്കുന്നത്.
മുംബയിലെ ഫാർമസി ഉടമയ്ക്ക് പണം ഗൂഗിൾ പേ വഴി നൽകിയതിന്റെ തെളിവും ലഭിച്ചു. മുംബയ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന് ചെമ്പൂരിലെ ഫാർമസിയെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം കൈമാറി. പ്രതിമാസം 10,000 ഗുളികകൾ വരെ ഇത്തരത്തിൽ സംഘം വിറ്റഴിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലം ഡ്രഗ് കൺട്രോൾ ഇൻസ്‌പെക്ടർ സജു, കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വെള്ളത്തിൽ
കലക്കി കുത്തിവയ്ക്കും
വെള്ളത്തിൽ കലക്കി കുത്തിവയ്ക്കുന്ന ഈ ഗുളികകൾ യുവാക്കളെ പെട്ടെന്ന് അടിമകളാക്കുമെന്ന് ഡ്രഗ്സ് കൺട്രോൾ ഉദ്യോഗസ്ഥർ പറയുന്നു. ഇതിൽനിന്ന് മോചനം നേടാൻ ഏറെ പ്രയാസമാണ്.