തിരുവനന്തപുരം: അനന്തപുരി നൃത്ത സംഗീതോത്സവവും, 30-ാമത് വാർഷികവും 110-ാമത് ശ്രീചിത്തിര തിരുനാൾ ജയന്തിയും ഇന്ന് മുതൽ നവംബർ 6 വരെ നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടക്കുന്ന കലാ മത്സരങ്ങൾ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ 110-ാമത് ജന്മദിനത്തോടനുബന്ധിച്ച് നാളെ രാവിലെ കവടിയാർ പഞ്ചവടിയിൽ പുഷ്പാർച്ചന നടക്കും. ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന നൃത്ത സംഗീതാർച്ചന തിരുവനന്തപുരം മുൻ ജില്ലാ കളക്ടർ എം. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു നയിക്കുന്ന സർവമത ശാസ്ത്രീയ സംഗീത കച്ചേരിയും സമൂഹ സദ്യയും ഗുരുപൂജയും കലാമത്സരങ്ങളും നടക്കും. 29ന് നടക്കുന്ന ചിത്രരചനാമത്സരം കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രം ഭാരവാഹികൾ അറിയിച്ചു.