
ദുരന്തം ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുന്നു
നെയ്യാറ്റിൻകര: നെയ്യാറിന്റെ ഓലത്താന്നി പാതിരിശ്ശേരി കടവിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചൾ മുങ്ങി മരിച്ചു. ഒഴുക്കിൽപ്പെട്ട കോവളം ആഴാകുളം സ്വദേശി ശ്യാമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓലത്താന്നി മേലേതാഴംകാട് റോഡരികത്ത് വീട്ടിൽ വർക്ക് ഷോപ്പ് നടത്തുന്ന വിപിൻ (35) മുങ്ങിമരിച്ചത്. ശ്യാമിനായുള്ള തെരച്ചിൽ ഇന്നലെ എട്ടോടെ നിറുത്തിവച്ചു. ഇന്ന് രാവിലെ പുനഃരാരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ഓലത്താന്നിയിലെ വിപിന്റെ വർക്ക്ഷോപ്പിൽ വാഹനം നന്നാക്കുന്നത് സംബന്ധിച്ച് സംസാരിക്കാനാണ് സുഹൃത്തുക്കളായ ശ്യാം, നന്ദു, സുമൻ എന്നിവരെത്തിയത്. ഇതിനിടെ ശ്യാം കടവിൽ കുളിക്കാനിറങ്ങി. വിപിനും സുഹൃത്തുക്കളും വിലക്കിയെങ്കിലും അതവഗണിച്ച് ശ്യാം മറുകരയിലേയ്ക്ക് നീന്തുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടു. തുടർന്ന് ശ്യാമിനെ രക്ഷിക്കാൻ വിപിൻ വെള്ളത്തിലിറങ്ങി.
ഒഴുക്കിൽപ്പെട്ട ശ്യാമിനെ പിടി കിട്ടിയെങ്കിലും ശക്തമായ ഒഴുക്കിൽ ഇരുവരും മുങ്ങിത്താഴ്ന്നു. തുടർന്ന് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്സ് സ്കൂബി സംഘവും നടത്തിയ തെരച്ചിലിൽ രാത്രി 7.30ന് വിപിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ദീപ. രണ്ട് മക്കളുണ്ട്.