
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മഹാദേവൻപിള്ളയെ ഗവർണർ ഇന്നലെ ഫോണിൽ വിളിച്ച്, വെള്ളിയാഴ്ച വി.സി സ്ഥാനം ഒഴിഞ്ഞെന്ന് കത്ത് നൽകണമെന്നാവശ്യപ്പെട്ടതായി വിവരം.
ഇന്ന് വിരമിക്കും മുമ്പ് ഫയലുകൾ തീർപ്പാക്കുന്നതിന് മഹാദേവൻപിള്ള ഇന്നലെയും സർവകലാശാല ആസ്ഥാനത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ പി.എയുടെ ഫോണിലേക്കാണ് രാജ്ഭവനിൽ നിന്ന് വിളി വന്നത്.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ എത്തുമെന്നും അദ്ദേഹത്തിന് വി.സിയുടെ താത്കാലിക ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യേണ്ട കാര്യം തനിക്കില്ലെന്നും തിങ്കളാഴ്‌ച വിരമിക്കുകയാണെന്നും മഹാദേവൻപിളള മറുപടി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഗവർണർ തന്നോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചെന്നാണ് അടുപ്പമുളള സിൻഡിക്കേറ്റ് അംഗങ്ങളോട് മഹാദേവൻപിള്ള പറഞ്ഞത്. സംഭവത്തിന് തൊട്ടുപിന്നാലെ മഹാദേവൻപിള്ള വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് ഒമ്പത് വി.സിമാരുടെ രാജി ആവശ്യപ്പെട്ടുള്ള അസാധാരണ നടപടി ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
വി.സിമാരെ അവഹേളിക്കുന്നു: എഫ്.യു.ടി.എ
തിരുവനന്തപുരം: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആശങ്കയും അനിശ്ചിതത്വവും പടർത്തുന്ന കേട്ടുകേൾവിയില്ലാത്ത നടപടികൾ നീതീകരിക്കാനാകില്ലെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്.യു.ടി.എ) പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ അപാകത ചൂണ്ടിക്കാട്ടിയ വൈസ്ചാൻസലർമാരുടെ നിയമന നടപടികളിൽ യു.ജി.സി മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായതായി ബന്ധപ്പെട്ട യു.ജി.സി പ്രതിനിധികളോ ചാൻസലർമാരോ ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ല.
ഉന്നത യോഗ്യതയുള്ള വൈസ്ചാൻസലർമാരെ അവരുടേതല്ലാത്ത കാരണങ്ങളാലും നിയമനാധികാരികളുടെ വീഴ്ചകളാലും പൊതുസമൂഹത്തിൽ അവഹേളിക്കുന്ന തരത്തിലേക്കാണ് ഇപ്പോഴത്തെ നടപടികൾ ചെന്നെത്തുന്നത്. കേരളത്തിലെ സർവകലാശാലാ കാമ്പസുകൾ പ്രതിഷേധ കേന്ദ്രങ്ങളായി തീരുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.ചക്രപാണിയും ജനറൽ സെക്രട്ടറി ഡോ.എസ്.നസീബും പറഞ്ഞു.