കുളത്തൂർ: ദൂരപരിധി ലംഘിച്ചും നിരോധിത റിംഗ് വലകളുപയോഗിച്ചും മത്സ്യബന്ധനം നടത്തിയ സംഘത്തെ ബോട്ടുകളുൾപ്പെടെ, വേളി സൗത്ത് തുമ്പയിൽ മത്സ്യത്തൊഴിലാളികൾ തടഞ്ഞുവച്ചു. താഴംപള്ളി, വർക്കല എന്നിവിടങ്ങളിൽ നിന്നെത്തിയ അഞ്ച് വള്ളങ്ങളെയും16 മത്സ്യത്തൊഴിലാളികളെയുമാണ് തടഞ്ഞുവച്ചത്.

സംഭവമറിഞ്ഞ് തുമ്പ പൊലീസും കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്ന രീതിയിൽ വലിയ വള്ളങ്ങളും നിരോധിത വലകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് പതിവായതോടെയാണ് ഇവരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞുവെച്ചത്.

ഇന്നലെ രാവിലെ കടലിൽ വച്ചാണ് 5 വള്ളവും 16 തൊഴിലാളികളെയും തടഞ്ഞു വച്ച് സൗത്ത് തുമ്പയിലെ കടപ്പുറത്ത് എത്തിച്ചത്. പിന്നീട് വള്ളവും മത്സ്യത്തൊഴിലാളികളേയും തുമ്പ പൊലീസ് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന് കൈമാറി.

ഇത് ആവർത്തിക്കില്ലെന്ന ഉറപ്പിന്മേലാണ് വള്ളങ്ങളെയും തൊഴിലാളികളെയും മോചിപ്പിച്ചത്. എന്നാൽ താഴംപള്ളിയിലെ വള്ളം വലിയ വേളിയിലെ മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയതായി കഠിനംകുളം പൊലീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പിഴ ചുമത്തിയതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.