
കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈലിനുസമീപം സ്വിഫ്റ്റ് കാറും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു.3 പേർക്ക് പരിക്കേറ്റു. കൊല്ലം ചന്ദനത്തോപ്പ് കൊറ്റങ്കര വിളയിൽ വീട്ടിൽ കമറുസമാന്റെയും സഫിയാബീവിയുടെയും മകൻ റാഷിം (21- ഫൈസൽ) ആണ് മരിച്ചത്. സെയ്ദ് , സൈദലി, പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം.തിരുവനന്തപുരത്ത് കാറ്ററിംഗ് ജോലി കഴിഞ്ഞ് സുഹൃത്തുക്കൾ കാറിൽ വീട്ടിലേക്ക് മടങ്ങവേ എതിർദിശയിൽ നിന്നുവന്ന കല്ലട കൊറിയർ സർവീസിന്റെ ലോറിയുമായാണ് കൂട്ടിയിടിച്ചത്.ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റാഷിം മരിച്ചിരുന്നു.സെയ്ദിനെയും, സൈദലിയെയും തിരുവനന്തപുരം കിംസിലും, പ്രണവിനെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ലോറി ഡ്രൈവർ ടൈറ്റസ് പരിക്കില്ലാതെ രക്ഷപ്പെട്ടു.അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. റാഷിമിന്റെ സഹോദരി രഹ്ന.
ഫോട്ടോകൾ:
മരിച്ച റാഷിം
അപകടത്തിൽ തകർന്ന കാർ