mar-ivanios

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിലെ 1949 മുതൽ 2021വരെ പഠിച്ചിറങ്ങിയ ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി സംഗമം 'ഡൗൺ മെമ്മറി ലെയ്ൻ' ദീപാവലി ദിനത്തിൽ നടന്നു.പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'അമികോസ്' (അസോസിയേഷൻ ഒഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ്)ന്റെ ആഭിമുഖ്യത്തിൽ ഗിരിദീപം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോളേജിലെ പൂർവ വിദ്യാർത്ഥിയായ നടൻ ജഗതി ശ്രീകുമാർ വീൽചെയറിലിരുന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പഠിച്ച കോളേജിൽ ഒരുവട്ടം കൂടിയെത്തിയപ്പോൾ കൂടെ പഠിച്ചവരെയടക്കം കണ്ട അദ്ദേഹത്തിന്റെ മുഖത്ത് ചിരി വിടർന്നു.സുഖാന്വേഷണങ്ങൾക്ക് കെെയിൽ പിടിച്ചും തലകുലുക്കിയും ജഗതി ശ്രീകുമാർ മറുപടി നൽകി.2500 ഓളം പൂർവ വിദ്യാർത്ഥികളാണ് എത്തിയത്.‌കല,രാഷ്ട്രീയം,മാദ്ധ്യമപ്രവർത്തനം തടുങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന നിരവധി പൂർവവിദ്യാർത്ഥികൾ കോളേജിലെത്തി.പൂർവ്വവിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച് രാജീവ് ഒ.എൻ.വിയുടെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറി.വൈകിട്ടോടെ കലാലയം പൂർവ വിദ്യാർത്ഥികൾ ദീപാലങ്കൃതമാക്കി.ഉദ്ഘാടന ചടങ്ങിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തിരുവനന്തപുരം ഭദ്രാസനം സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പൽ,പ്രിൻസിപ്പൽ പ്രൊഫ.ജിജിമോൻ.കെ.തോമസ്,വൈസ് പ്രിൻസിപ്പൽ ഡോ.ഷെർളി സ്റ്റുവർട്,അമികോസ് പ്രസിഡന്റ് കെ.ജയകുമാർ,ജന.സെക്രട്ടറി ഡോ.ചെറിയാൻ പണിക്കർ,സെക്രട്ടറി ഡോ.സുജു.സി.ജോസഫ്,ജനറൽ കൺവീന‌ർ എബി ജോർജ്,ജോജിമോൻ തോമസ്,സിറിയക് ജോസഫ്,ശങ്കർ കേശവൻ തുടങ്ങിയർ പങ്കെടുത്തു.രാവിലെ നടന്ന സമ്മേളനത്തിൽ കെ.ജയകുമാർ,ജിജി തോംസൺ,അലക്സാണ്ടർ ജേക്കബ്,ഷിബു ബേബി ജോൺ,നീല ലോഹിതദാസ്,കെ.മുരളീധരൻ എം.പി,പാലോട് രവി,വി.വി.രാജേഷ്,മഞ്ജു പിള്ള,ഇ.എം.നജീബ് ഡോ.ജോ‌ർജ് ഓണക്കൂർ,പോൾ മണാലിൽ,ഡോ.രേഖ.എ.നായർ തുടങ്ങിയവർ പങ്കെടുത്തു.