revenue-department

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഒന്നരലക്ഷം വസ്തു തരംമാറ്റ അപേക്ഷകളെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ ഊർജ്ജിത നടപടികൾ സ്വീകരിച്ച റവന്യൂ വകുപ്പിൽ ഇനി തീർപ്പാക്കാൻ ശേഷിക്കുന്നത് 20,287 എണ്ണം.

തീർപ്പാക്കലിന് തുടങ്ങിയ പ്രത്യേക പദ്ധതി നവംബർ 30നാണ് അവസാനിപ്പിക്കേണ്ടത്. സെപ്തംബർ 21 മുതൽ ഒക്ടോബർ 22 വരെ 10,232 അപേക്ഷകൾ കൂടി തീർപ്പാക്കി. 90.20ശതമാനം.

1000-ൽ താഴെ അപേക്ഷകൾ അവശേഷിക്കുന്ന സബ്കളക്ടർ/ ആർ.ഡി.ഒ മാർക്ക് ഒക്ടോബർ 31നകവും 1000ന് മുകളിൽ നവംബർ 15നകവും തീർപ്പാക്കൽ പൂർത്തിയാക്കാൻ കർശനനിർദ്ദേശം നൽകി. ഏറ്റവുമധികം അപേക്ഷകൾ തീർപ്പാക്കാനുള്ള ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിൽ (9930) സമയബന്ധിതമായി നടപടികൾ തീർക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കും.

കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ ഓൺലൈൻ അപേക്ഷകളുടെ കാര്യത്തിലും സമാനനടപടികൾ വേണ്ടിവന്നേക്കും. അപേക്ഷകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 1,51,421 അപേക്ഷകളാണ് ഒക്ടോബർ 22 വരെ കിട്ടിയിട്ടുള്ളത്. തീർപ്പായതാവട്ടെ 9,452 എണ്ണവും. ഒറ്ര മാസത്തിനുള്ളിൽ 16,682 അപേക്ഷകൾ കൂടി. താത്കാലിക ജീവനക്കാരുടെ കാലാവധി ആറുമാസം കൂടി നീട്ടിയാൽ ഇക്കാര്യത്തിലും പരിഹാരമാവും.

തടസം കൃഷിഓഫീസറുടെ റിപ്പോർട്ട്

കൃഷി ഓഫീസർമാരിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് യഥാസമയം കിട്ടാത്തതാണ് പലേടത്തും തീർപ്പാക്കൽ വൈകിക്കുന്നത്. ഈ തടസം നീക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യു കമ്മിഷണർ അഗ്രികൾച്ചർ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച താത്കാലിക ജീവനക്കാരുടെ സേവന കാലാവധി ആറു മാസത്തേക്ക് കൂടി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകി.

കടലാസ് അപേക്ഷകൾ

2,06,954

ആകെ കിട്ടിയത്

1,86,667

തീർപ്പാക്കിയത്.

20,287

ശേഷിക്കുന്നത്

ഓൺലൈൻ

1,51,421

ഒക്ടോബർ 24 വരെ ലഭിച്ചത്

9452

ആകെ തീർപ്പാക്കിയത്

1,41,969

ശേഷിക്കുന്നത്‌

വിജയകരമായി തീർക്കും

പറഞ്ഞ സമയത്ത് തീർപ്പാക്കൽ പൂർത്തിയാക്കും. ഫോർട്ട്കൊച്ചിയിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് പ്രത്യേക ഓഫീസ് തുറക്കും

കെ.രാജൻ

റവന്യുവകുപ്പ് മന്ത്രി