rishi

ഇന്ത്യൻ വംശജനായ ആദ്യത്തെ പ്രധാനമന്ത്രി എന്നതിനൊപ്പം ചാൾസ് രാജാവ് നിയമിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന സ്ഥാനവും ഋഷി സുനകിന് മാത്രം അവകാശപ്പെട്ടതായിരിക്കും. നാൽപ്പത്തിയഞ്ച് ദിവസം അധികാരത്തിലിരുന്ന് രാജിവച്ച ലിസ് ട്രസ് ബ്രിട്ടണിൽ ബാക്കിവച്ചിരിക്കുന്നത് സാമ്പത്തിക അരക്ഷിതാവസ്ഥയാണ്. അതിനാൽ ഋഷിയുടെ ഓരോ ചുവടുകളും വെല്ലുവിളി നിറഞ്ഞതായിരിക്കും . ബ്രിട്ടണിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ഭാരിച്ച ദൗത്യമാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.

നികുതികുറച്ച് പണം കടം വാങ്ങി സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താമെന്ന ലിസ് ട്രസിന്റെ ആശയത്തെ ഏറ്റവും നിശിതമായി വിമർശിച്ച വ്യക്തി കൂടിയാണ് ഋഷി സുനക്. നികുതി കുറയ്ക്കുന്നതിനല്ല പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് മുൻതൂക്കം നൽകേണ്ടതെന്നാണ് അദ്ദേഹം വാദിച്ചത്. പണം കടംവാങ്ങി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്ന ആശയം കെട്ടുകഥപോലെ അവിശ്വസനീയമാണെന്നും ഋഷി വിമർശിച്ചു. സ്വന്തം പാർട്ടിക്കാർക്ക് പോലും ബോദ്ധ്യപ്പെടുന്ന വിമർശനമായി അത് മാറാൻ അധികം ദിവസം വേണ്ടിവന്നില്ല. കൊവിഡ് കാലത്ത് തികച്ചും നൂതനമായ നയങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാതെ പിടിച്ചുനിറുത്തിയ ധനകാര്യമന്ത്രിയായിരുന്ന ഋഷി സുനകിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുക എന്നതല്ലാതെ മറ്റൊരു വഴിയും കൺസർവേറ്റീവ് എം.പിമാരുടെ മുന്നിൽ ഇല്ലായിരുന്നു. അങ്ങനെയാണ് വെള്ളക്കാരനല്ലാത്ത ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഋഷി സുനകിന് വഴിതെളിഞ്ഞത്. പുതിയ പ്രധാനമന്ത്രിയിൽ ജനങ്ങളും പാർട്ടിയും വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്. ദിനംപ്രതി കുതിച്ചുയരുന്ന സാധനവില ബ്രിട്ടണിലെ ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. അത് തടയുന്നതിൽ പരാജയപ്പെട്ടതാണ് ലിസ് ട്രസിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. വിലക്കയറ്റം തടയുക എന്ന നടപടിയാവും അതിനാൽ ഋഷി സുനകിൽ നിന്ന് ജനങ്ങൾ ആദ്യം പ്രതീക്ഷിക്കുന്നത്. യാഥാസ്ഥിതികമായ സാമ്പത്തിക നടപടികൾ കൊണ്ട് അത് സാദ്ധ്യമാവില്ല. അതിനാൽ എന്തെല്ലാം നവീനമായ മാറ്റങ്ങളാവും പുതിയ പ്രധാനമന്ത്രി കൊണ്ടുവരിക എന്ന് ബിസിനസ് സമൂഹം ഉറ്റുനോക്കുന്നുണ്ട്. അതുപോലെ ബ്രിട്ടണിലെ വിവിധ തൊഴിൽ മേഖലയിലുള്ളവർ കൂടുതൽ ശമ്പളം ആവശ്യപ്പെട്ട് സമരത്തിന്റെ മാർഗം സ്വീകരിക്കുകയാണ്. ട്രെയിൻ ഡ്രൈവർമാരും തുറമുഖ തൊഴിലാളികളും പോസ്റ്റൽ സർവീസുകാരും ടെലികോം ജീവനക്കാരും മറ്റും സമരം തുടങ്ങിക്കഴിഞ്ഞു. ആരോഗ്യമേഖലയിലുള്ളവരും സമരപാതയിലേക്ക് നീങ്ങാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരുടെയും ആവശ്യം ശമ്പള വർദ്ധനവാണ്. ജീവിതച്ചെലവ് ഇരട്ടിയിലധികം വർദ്ധിച്ചിരിക്കുന്നു. എന്നാൽ ശമ്പളം പഴയപടി തുടരുന്നു. അതീവ സങ്കീർണമായ ഇത്തരം പ്രശ്നങ്ങൾ എങ്ങനെയാവും ഋഷി സുനക് പരിഹരിക്കുക എന്നതിനെ ആശ്രയിച്ചാവും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി.

യുക്രെയിനിന് പിന്തുണ എന്ന നയം പുതിയ പ്രധാനമന്ത്രിയുടെ കാലത്തും അതേപടി തുടർന്നേക്കാമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രിയായാൽ ഉടൻതന്നെ താൻ കീവ് സന്ദർശിക്കുമെന്നും ബ്രിട്ടൺ നൽകുന്ന പിന്തുണ തുടരുമെന്നും ഋഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുക്രെയിനുള്ള സൈനിക സഹായം വർദ്ധിപ്പിക്കണമെങ്കിലും പണം ആവശ്യമാണ്. പുതിയ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ, സാമ്പത്തിക നടപടികളിലൂടെ ഈ വൈതരണികളെല്ലാം തരണം ചെയ്യാനായാൽ ലോകരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവായി ഈ ഇന്ത്യൻ വംശജൻ മാറാതിരിക്കില്ല.