oct25a

ആറ്റിങ്ങൽ: വാമനപുരം നദിക്ക് കുറുകേ അവനവഞ്ചേരി ഗ്രാമം മുക്ക് മുള്ളിയിൽ കടവിൽ പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇവിടുത്തുകാർ പാലത്തിനു വേണ്ടി മുറവിളി കൂട്ടും. എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞ് ജയിച്ചുപോയവർ പിന്നെ ഈ വഴി തിരിഞ്ഞ് നോക്കാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലെങ്കിലും മുള്ളിയിൽ കടവ് പാലത്തിന് തുക അനുവദിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. ഒ.എസ്.അംബിക എം.എൽ.എയും സംഘവും പാലത്തിന് പറ്റിയ സ്ഥലം കാണാനെത്തിയിരുന്നു. അത് ഏറെ പ്രതീക്ഷ പകർന്നിരുന്നു. ആറ്റിങ്ങലിന്റെ വികസനത്തിന് നിരവധി കാര്യങ്ങൾക്ക് ബഡ്ജറ്റിൽ തുക അനുവദിച്ചെങ്കിലും വളരെക്കാലത്തെ നാട്ടുകാരുടെ ഈ ആവശ്യത്തിന് ഫലമുണ്ടായില്ല.

പ്രദേശത്തുള്ള നൂറുകണക്കിന് വിദ്യാർത്ഥികളാണ് അവനവഞ്ചേരി ഹൈസ്കൂളിലേക്കും ആറ്റിങ്ങലിലെ വിവിധ സ്കൂളുകളിലേക്കും പോകുന്നത്. സർക്കാർ സംബന്ധമായ എല്ലാ കാര്യങ്ങളും നിർവഹിക്കാൻ കട്ടപ്പറമ്പുകാർക്ക് ആറ്റിങ്ങലിൽ എത്തിയേ തീരൂ. അവനവഞ്ചേരി മാർക്കറ്റാണ് ഈ പ്രദേശത്തുകാരുടെ സാധന കൈമാറ്റത്തിന്റെയും വാങ്ങലിന്റെയും ഇടം. ഇതിനും ഇവർ ആശ്രയിക്കുന്നത് മുള്ളിയിൽ കടവിലെ കടത്താണ്.

വട്ടംചുറ്റി യാത്ര

വഞ്ചിയൂർ, കട്ടപ്പറമ്പ് പ്രദേശത്തുകാർക്ക് ആറ്റിങ്ങലിലെത്താൻ ഏറെ എളുപ്പമാണ് അവനവഞ്ചേരി മുള്ളിയിൽ കടവിലെ കടത്ത്. എന്നാൽ ഇവിടെ യഥാസമയം കടത്തുവള്ളം പ്രവർത്തിക്കാത്തതിനാൽ നാട്ടുകാർ ഏറെ വലയുകയാണ്. വാമനപുരം നദിക്ക് കുറുകെ മുള്ളിയിൽ കടവിൽ ഒരു പാലം വന്നാൽ ഈ പ്രദേശത്തുകാർക്ക് ആറ്റിങ്ങലെത്താൻ കിലോമീറ്ററുകളുടെ ലാഭമാണ് ഉണ്ടാവുക. ഇപ്പോൾ കട്ടപ്പറമ്പുകാ‌ർ കാൽനടയായി കിലോമീറ്ററുകൾ താണ്ടി രണ്ടും മൂന്നും ബസ് കയറിവേണം ആറ്റിങ്ങലിലെത്താൻ.

രക്ഷിതാക്കൾ ഭയത്തോടെ

നദിയിൽ വെള്ളം കൂടുന്ന സമയം രക്ഷിതാക്കൾ ചങ്കിടിപ്പോടെയാണ് കുഞ്ഞുങ്ങളെ സ്കൂളിലേക്ക് വിടുന്നത്. തുലാവർഷക്കാലം അടുത്തതോടെ ഭയപ്പാട് വർദ്ധിച്ചിരിക്കയാണ്. മുള്ളിയിൽ കടവിൽ നദിക്ക് നല്ല ആഴമുണ്ട്. ഇതും ഭയപ്പാട് വർദ്ധിപ്പിക്കുന്നുണ്ട്.