
തിരുവനന്തപുരം: തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിനെതിരെ പാർട്ടിയുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. മൂന്ന് വർഷത്തിനിടെ ഒരിക്കലും പറയാത്ത ആക്ഷേപങ്ങളാണ് ഇപ്പോൾ ബോധപൂർവം ഉന്നയിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട്.
രണ്ടുമൂന്ന് വർഷത്തോളം കേന്ദ്രഏജൻസികളുടെ ചോദ്യം ചെയ്യലടക്കം കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് അവർ. അവരോട് യുദ്ധം ചെയ്യാനൊന്നും താനില്ല. ബി.ജെ.പിയുടെ പാളയത്തിലാണ് സ്വപ്ന ഇപ്പോൾ. ഒരു മാദ്ധ്യമം യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കാൻ നോക്കി. ആരോപണങ്ങളെക്കുറിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
രാമപുരത്ത് പ്രവാസികളുമായി ബന്ധപ്പെട്ട പാർട്ടിപരിപാടിയിൽ പങ്കെടുത്തശേഷം സംഘാടകരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്വപ്നയുടെ വീട്ടിൽ പോയത്. ജനപ്രതിനിധികളും പാർട്ടിയുടെ പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് അത് സ്വപ്നയുടെ വീടാണെന്ന് അറിയുന്നത്. ഒരു ചായകുടിക്കാനുള്ള സമയമാണ് അവിടെ ചെലവഴിച്ചത്. തോളിൽ കൈയിട്ടു നിന്നു ഫോട്ടോ എടുക്കലൊന്നും ഉണ്ടായിട്ടില്ല.
യു.എ.ഇ സ്ഥാപകദിനത്തിലും കോവളത്തെ വലിയ പെരുന്നാളിലുമാണ് അവർക്കൊപ്പം പങ്കെടുത്തത്. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തന്നെ വിളിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടയിൽ വിളിച്ചിട്ടില്ല. അവരുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണവും തെറ്റാണ്. പാർട്ടിയിലുള്ള, ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെൺകുട്ടിക്ക് നീതികിട്ടാൻ വേണ്ടി താൻ വലിയ ഫൈറ്റ് നടത്തിയെന്നത് സത്യമാണ്. അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനില്ല. ബി.ജെ.പി-കോൺഗ്രസ് പത്മവ്യൂഹത്തിലാണ് അവർ അകപ്പെട്ടിട്ടുള്ളത്.
ആരോപണങ്ങൾ നിഷേധിച്ച് ശ്രീരാമകൃഷ്ണൻ;
തെളിവ് സഹിതം സ്വപ്നയുടെ മറുപടി
തിരുവനന്തപുരം: സ്വപ്ന സുരേഷ് നടത്തിയ പരാമർശങ്ങൾ തള്ളിക്കൊണ്ട് മുൻസ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്ര്.പിന്നാലെ ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച്,സ്വകാര്യ നിമിഷങ്ങളുടെ ചിത്രം സഹിതം സ്വപ്നയുടെ മറുകുറിപ്പ്.
തനിച്ച് ഔദ്യോഗിക വസതിയിൽ ചെല്ലാൻ ആവശ്യപ്പെട്ടെന്നും വസതിയിൽ ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടുണ്ടെന്നുമായിരുന്നു അഭിമുഖത്തിൽ സ്വപ്ന വെളിപ്പെടുത്തിയത്.നിരന്തരം വാട്സ് ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നതായും ആരോപിച്ചിരുന്നു.ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് ഇന്നലെ രാവിലെ ശ്രീരാമകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്രിട്ടത്.ഔദ്യോഗിക വസതി നിയമസഭാ കോംപ്ലക്സിൽ തന്നെയായതിനാൽ ഓഫീസിൽ നിന്ന് ഇറങ്ങി കഴിഞ്ഞാലും വീട്ടിലേക്ക് സന്ദർശകർ വരുന്നത് പുതുമയുള്ള കാര്യമല്ലെന്നും കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ സ്വപ്നയും വന്നിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.ഔദ്യോഗിക ആവശ്യങ്ങൾക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭർത്താവും,മകനും ഒരുമിച്ചാണ് വന്നിട്ടുള്ളത്.ഭാര്യയും,മക്കളും,അമ്മയും ചേർന്ന് കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് മദ്യപാന സദസ് നടത്താനുള്ള സംസ്കാരശൂന്യത തനിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെയാണ് ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾ സഹിതം സ്വപ്നയുടെ പോസ്റ്ര് വന്നത്.'ശ്രീ .പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്രിനും അനുബന്ധവാദങ്ങൾക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓർമപ്പെടുത്തലും മാത്രമാണ് ഇത്.ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമിപ്പിക്കുന്നില്ലെങ്കിൽ എനിക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യാൻ ആ മാന്യനോട് അഭ്യർത്ഥിക്കുന്നു.അങ്ങനെയെങ്കിൽ ബാക്കി തെളിവുകൾ കൂടി കോടതിയിൽ ഹാജരാക്കാൻ എനിക്ക് സാധിക്കും.'