തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളി സമരം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരം ലത്തീൻ അതിരൂപത. സമരം നൂറ് ദിവസം തികയുന്ന നാളെ കരയിലും കടലിലും തുറമുഖത്തിനുളളിലും സമരം നടത്താനാണ് തീരുമാനം. വരുംദിവസങ്ങളിൽ അപ്രഖ്യാപിത സമരങ്ങൾ സംഘടിപ്പിക്കാനും സമരസമിതിയുടെ യോഗത്തിൽ ധാരണയായിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് സമരപ്പന്തൽ കെട്ടി സമരം വ്യാപിപ്പിക്കും. നാളെ മുതൽ മുതലപ്പൊഴിയിലും സമരം ശക്തമാക്കും. വിഴിഞ്ഞം,മുതലപ്പൊഴി എന്നിവിടങ്ങളിലാണ് കടലിലും കരയിലും സമരം നടത്തുന്നത്. തുറമുഖ നിർമ്മാണത്തിനായുള്ള ചരക്കുനീക്കം ഏതു വഴിക്കും അനുവദിക്കാതെ തടയാനും തീരുമാനമായി. ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, വികാരി ജനറാൾ യൂജിൻ.എച്ച്.പെരേര, കൺവീനർമാരായ ഡോ.ലോറൻസ് കുലാസ്, ഷേർളി ജോണി, പാട്രിക് മൈക്കിൾ, നിക്‌സൺ ലോപ്പസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.