p

തിരുവനന്തപുരം: നൂറാം വയസിലേക്ക് കടന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പി.എം.ജി ലാ കോളേജിന് സമീപത്തെ വസതിയിൽ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസയറിയിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് ഗവർണർ എത്തിയത്.

ആരോഗ്യപരമായ കാരണങ്ങളാൽ സന്ദർശക വിലക്കുള്ളതിനാൽ ഗവർണർക്ക് വി.എസിനെ കാണാനായില്ല.

പൂച്ചെണ്ടും പൊന്നാടയുമായാണ് ഗവർണർ എത്തിയത്. വി.എസിന്റെ ഭാര്യ വസുമതി, മകൻ അരുൺകുമാർ എന്നിവരോട് ഗവർണർ ആശംസയറിയിച്ചു. വി.എസിന്റെ ആരോഗ്യവിവരം തിരക്കി. പത്തുമിനിട്ടോളം ചെലവിട്ടശേഷമാണ് മടങ്ങിയത്. വി.എസിന്റെ പിറന്നാൾ ദിനത്തിൽ ഡൽഹിയിലായിരുന്ന ഗവർണർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ആശംസ അറിയിച്ചിരുന്നു.