
■ഓപ്പൺ, ഡിജിറ്റൽ വി.സിമാർ നവം. 4കം മറുപടി നൽകണം
■എട്ട് വിസിമാർ മൂന്നിനകം■വിരമിച്ച കേരള വി.സിയെ ഒഴിവാക്കി
തിരുവനന്തപുരം: സർക്കാരിന്റെയും ഇടതുമുന്നണിയുടെയും അതിശക്തമായ പ്രതിഷേധം വകവയ്ക്കാതെ, രണ്ട് വൈസ്ചാൻസലർമാർക്കു കൂടി ഇന്നലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, 10 വി.സിമാരെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ട്.
സാങ്കേതിക സർവകലാശാല വി.സിയെ പുറത്താക്കിയ സുപ്രീം കോടതി ഉത്തരവിന്റെ
പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 9 വി.സിമാർക്ക് നവംബർ മൂന്നിനകം പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയതിനു പിന്നാലെയാണ്, ഇന്നലെ ഓപ്പൺ സർവകലാശാലാ വി.സി ഡോ.പി.എം.മുബാറക് പാഷ, ഡിജിറ്റൽ വി.സി ഡോ. സജി ഗോപിനാഥ് എന്നിവർക്കും ഗവർണർ നോട്ടീസയച്ചത്. ഇവർ 4ന് വൈകിട്ട് അഞ്ചിനകം മറുപടി നൽകണം. ഇല്ലെങ്കിൽ മറുപടില്ലെന്ന് കണക്കാക്കിയുള്ള തുടർനടപടികളുണ്ടാവുമെന്ന് നോട്ടീസിലുണ്ട്. കേരള വി.സി സ്ഥാനത്തു നിന്ന് തിങ്കളാഴ്ച വിരമിച്ച ഡോ. വി.പി. മഹാദേവൻപിള്ളയ്ക്കെതിരായ നടപടികൾ ഉപേക്ഷിച്ചതായി
രാജ്ഭവൻ അറിയിച്ചു.
വി.സിമാർ കാരണം ബോധിപ്പിച്ചാൽ, ആവശ്യമെങ്കിൽ അവരെ രാജ്ഭവനിൽ വിളിച്ചു വരുത്തി ഹിയറിംഗ് നടത്തും. വീശദീകരണം തൃപ്തികരമല്ലെങ്കിൽ, എല്ലാവരെയും പുറത്താക്കി വിജ്ഞാപനമിറക്കാനാണ് തീരുമാനം. മുതിർന്ന പ്രൊഫസർമാർക്ക് വി.സിയുടെ ചുമതല കൈമാറും. പിന്നാലെ, പുതിയ വി.സിമാരെ കണ്ടെത്താൻ
സെർച്ച് കമ്മിറ്റി രൂപീകരിക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് ഗവർണറുടെ തീരുമാനം. ഗവർണർ നടപടിക്രമങ്ങൾ പൂർത്തിയാക്കും വരെ, വി.സി സ്ഥാനത്ത് തുടരുന്നവർ നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന് രാജ്ഭവൻ നിർദ്ദേശിച്ചു. ചാൻസലറുടെ അന്തിമതീരുമാനം വരെ വി.സിമാർക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്.
സുരക്ഷ: ഡി.ജി.പിക്ക്
ഗവർണർ കത്ത് നൽകി
ഇന്നലെ വൈകിട്ട് ഡൽഹിയിലേക്ക് പോയ ഗവർണർ നവംബർ നാലിന് തിരിച്ചെത്തും. സർവകലാശാലകളിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ കർശനമായ നടപടിയുണ്ടാവണമെന്നും, വി.സിമാരുടെ ചുമതല കൈമാറുന്നവർക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ഡി.ജി.പി അനിൽകാന്തിന് ഗവർണർ കത്തു നൽകി. അക്രമം തടയാൻ പൊലീസ് പരാജയപ്പെട്ടാൽ, കേന്ദ്രസേനയെ വിളിക്കാൻ മടിക്കില്ലെന്നും രാജ്ഭവൻ ഉദ്യോഗസ്ഥരോട് ഗവർണർ വ്യക്തമാക്കി.
കടുത്ത നടപടിക്ക്
പിന്നിൽ
■യു.ജി.സി ചട്ടപ്രകാരം സെർച്ച് കമ്മിറ്റി നൽകിയ പാനലിൽ നിന്നല്ല നിയമനമെന്ന് കണ്ടെത്തി സാങ്കേതികസർവകലാശാലാ വി.സി ഡോ. എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയ 21 മുതൽ 10 വി.സിമാരുടെയും നിയമനം അസാധുവായെന്ന് ഗവർണർ.
■സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ നിയമമായതിനാൽ, എല്ലാ വി.സിമാർക്കും ബാധകമാണ്.
■ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളിലെ ആദ്യ വി.സി നിയമനം സർക്കാരിന്റെ ശുപാർശ പ്രകാരമാണ് ചാൻസലർ നടത്തിയത്. സെർച്ച് കമ്മിറ്റിയോ നിയമനത്തിന് പാനലോ ഉണ്ടായിരുന്നില്ല.
പി.വി.സിമാരും
തെറിക്കും
യു.ജി.സി ചട്ടപ്രകാരം വി.സിമാർക്കൊപ്പം പ്രോവൈസ്ചാൻസലർമാരും പദവിയൊഴിയണമെന്നതിനാൽ, എല്ലായിടത്തെയും പി.വി.സിമാരും ഒഴിയേണ്ടിവരും. പി.വി.സിയെ വൈസ്ചാൻസലർ നോമിനേറ്റ് ചെയ്യുകയും സിൻഡിക്കേറ്റ് അംഗീകരിച്ച് നിയമിക്കുകയുമാണ് വേണ്ടത്. പ്രായപരിധി 60ആണ്. ആക്ടിൽ പ്രായപരിധി കൂട്ടിയാണ് 64 കാരനെ പി.വി.സിയാക്കിയത്.