
ഋഷി സുനക് എന്ന ഇന്ത്യൻ വംശജൻ 42-ാമത്തെ വയസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബ്രിട്ടനിലെ ഇന്ത്യക്കാരും ഇന്ത്യൻ ജനതയും വളരെ വൈകാരികമായാണ് പ്രതികരിച്ചത്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് എഴുപത്തിയഞ്ചുവർഷം തികയുന്ന അവസരത്തിൽ ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് ബ്രിട്ടീഷ് കൊളോണിയലിസത്തോടുള്ള പ്രതികാരമാണെന്നും പ്ളാസി യുദ്ധത്തോടും ജാലിയൻ വാലാബാഗിനോടും ഇന്ത്യൻ വിഭജനത്തോടുമുള്ള ഇന്ത്യയുടെ പ്രതികരണമാണെന്നും വരെ ഇന്ത്യക്കാർ അഭിപ്രായപ്പെട്ടു. എന്നാൽ സംഭവിച്ചത് ബ്രിട്ടന്റെ വൈവിദ്ധ്യത്തിന്റെയും സഹിഷ്ണുതയുടെയും ജനാധിപത്യത്തിന്റെയും വിജയമാണ്.
ഇന്ന് ഋഷി പ്രധാനമന്ത്രിയായത് ബ്രിട്ടന്റെ രക്ഷകൻ എന്ന നിലയിലാണ്. നിറമോ പേരോ മതമോ ഒന്നും ആയിരുന്നില്ല അദ്ദേഹത്തെ അവിടെ എത്തിച്ചത്. ബ്രിട്ടന്റെ തകർന്ന സാമ്പത്തിക വ്യവസ്ഥിതിയെയും രാഷ്ട്രീയ പ്രശ്നങ്ങളെയും നേരിടാൻ കഴിവുള്ള യാഥാസ്ഥിതിക പാർട്ടിയിലെ ഏക ജേതാവാണ് അദ്ദേഹം എന്നതുകൊണ്ടാണ് മറ്റു രണ്ട് സ്ഥാനാർത്ഥികളും പിൻവാങ്ങിയത്. ലിസ് ട്രസുമായുള്ള സംവാദങ്ങളിൽ അദ്ദേഹം ഉൗന്നിപ്പറഞ്ഞിരുന്നത് കരം കുറയ്ക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനുശേഷം മാത്രമേ ആകാവൂ എന്നായിരുന്നു. അതിനെതിരായ ഒരു നയം സ്വീകരിച്ചതുകൊണ്ടാണ് തനിക്ക് ലഭിച്ച നിയോഗം പൂർത്തിയാക്കാൻ സാധിക്കാതെ താൻ രാജിവയ്ക്കുന്നതെന്നാണ് ലിസ്ട്രസ് പ്രഖ്യാപിച്ചത്. ഇങ്ങനെയൊരു അന്തരീക്ഷത്തിൽ ഋഷി മുന്നോട്ടുവച്ച ആശയങ്ങളെ മുഴുവനായി അംഗീകരിക്കുകയായിരുന്നു ബ്രിട്ടൻ ചെയ്തത്. ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ ഒരാൾക്ക് മാത്രമേ ഒരു രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്ന വിശ്വാസമാണ് ഋഷിയെ ചരിത്രപുരുഷനാക്കിയത്.
ഋഷിയുടെ രാഷ്ട്രീയ രംഗപ്രവേശം 2015 ലെ തിരഞ്ഞെടുപ്പിൽ റിച്ച് മണ്ഡിന്റെ പാർലമെന്റ് അംഗമായിട്ടായിരുന്നു. പിന്നീട് അദ്ദേഹം 2017 ലും 2019 ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഒരു ധനിക കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് ഒാക്സ്‌ഫോർഡിലും സ്റ്റാൻഫോർഡിലും പഠിക്കാനും പ്രശസ്ത വിജയം നേടാനും കഴിഞ്ഞിരുന്നു. 2019 ൽ ജൂനിയർ മന്ത്രിയായ അദ്ദേഹം ബോറിസ് ജോൺസന്റെ ഗവൺമെന്റിൽ ലോർഡ് ചാൻസലർ ഒഫ് ദി എക്സ്‌ചെക്കർ ആയത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടും അദ്ദേഹത്തിന് ലഭിച്ച അംഗീകാരംകൊണ്ടും മാത്രമായിരുന്നു. ഒരു മൈനോറിറ്റി വിഭാഗത്തിന്റെ പ്രതിനിധിയായിട്ടല്ല അദ്ദേഹം ധനകാര്യ മന്ത്രിയായത്. അദ്ദേഹം ഹിന്ദുമത വിശ്വാസിയാണെന്നും ഭഗവദ് ഗീതയിൽനിന്ന് തത്വങ്ങൾ ഉദ്ധരിക്കുകയും ദീപാവലി ആഘോഷിക്കുകയും ചെയ്യുന്ന ആളാണെന്നും ഇന്ത്യക്കാർക്ക് പോലും അറിയില്ലായിരുന്നു. ഒരു ശരിയായ വ്യക്തി ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എന്നതാണ് ഋഷിയുടെ നിയോഗം.
ഋഷി പ്രധാനമന്ത്രിയായാൽ ഇന്ത്യയ്ക്ക് ഗുണം ഉണ്ടാകുമെന്നും കോഹിനൂർ രത്നം ഇന്ത്യയിൽ മടക്കികൊണ്ടുവരും എന്നൊക്കെയുള്ള കെട്ടുകഥകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ബ്രിട്ടന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റു പ്രധാനമന്ത്രിമാരെപ്പോലെ തന്നെ, ഇന്ത്യയോട് സൗഹൃദം സൂക്ഷിക്കുന്ന ഒരു പ്രധാനമന്ത്രിയായിരിക്കും അദ്ദേഹം എന്നതിൽ സംശയമില്ല. ബ്രിട്ടീഷ് മന്ത്രിസഭയിൽ എത്തിയിട്ടുള്ള ഇന്ത്യൻ വംശജർ ഇന്ത്യയുടെ വിമർശകരായി തീർന്നിട്ടുള്ളതും നമുക്കറിയാം. ഇൗയിടെ ഇന്ത്യയിൽ നിന്നുള്ള കുടികിടപ്പുകാരെ നിശിതമായി വിമർശിച്ചത് ഇന്ത്യൻ വംശജയായ വനിതയായിരുന്നു എന്നതും ഒാർക്കേണ്ടതുണ്ട്.
ഇന്ത്യയുടെ സ്വത്തുക്കൾ മുഴുവൻ കൈയടക്കിയതിന് ബ്രിട്ടൻ മറുപടി പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നതും ബ്രിട്ടീഷ് കൊളോണിയലിസത്തെ അപലപിക്കുന്നതും ഇപ്പോൾ സാധാരണമാണ്. ബ്രിട്ടനിൽനിന്ന് വിദ്യാഭ്യാസം ചെയ്‌ത് അവിടെ ജോലി ചെയ്തു പണമുണ്ടാക്കിയവർ പോലും കൊളോണിയലിസത്തെപ്പറ്റി വാചാലരാകുന്ന കാലഘട്ടത്തിലാണ് ഋഷി പ്രധാനമന്ത്രിയായത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. അത് പ്രതീക്ഷിക്കുന്നതുതന്നെ അസ്ഥാനത്താണ്. ചരിത്രത്തിന്റെ തെറ്റുകൾക്ക് ഇൗ തലമുറ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വന്നാൽ അന്താരാഷ്ട്രബന്ധങ്ങൾ തന്നെ ശിഥിലമാകാനാണ് സാദ്ധ്യത.
ഋഷിയുടെ തിരഞ്ഞെടുപ്പിനെച്ചാെല്ലി ഇന്ത്യൻ ഡെമോക്രസിയെ ചോദ്യം ചെയ്യുന്നവരുമുണ്ട്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് അധികാരസ്ഥാനങ്ങളിൽ എത്താൻ കഴിയുന്നില്ലെന്ന് മുറവിളിക്കുന്നവർ ഇന്ത്യയുടെ ചരിത്രം വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടനിൽ ന്യൂനപക്ഷത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാകുന്നതിന് എത്രയോ മുൻപ് അങ്ങനെയുള്ളവർ ഇന്ത്യയുടെ ഉന്നതങ്ങളിലെത്തിയ കഥകൾ എങ്ങനെ വിസ്മരിക്കാനാകും?
ഋഷി ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിൽ ഇന്ത്യക്കാർക്കും വിദേശത്തുള്ള ഇന്ത്യൻ വംശജർക്കും അഭിമാനിക്കാം. പ്രസിഡന്റ് ബൈഡൻ പോലും ഋഷിയുടെ വിജയം ഇന്ത്യക്കാർക്കുള്ള അംഗീകാരത്തിന്റെ ഭാഗമാണെന്ന് പറയുകയുണ്ടായി. എന്നാൽ അമേരിക്കയിൽ കമലാ ഹാരിസ് വൈസ് പ്രസിഡന്റായതുകൊണ്ട് ഇന്ത്യയ്ക്ക് വലിയ അംഗീകാരമൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് ഋഷിയുടെ വിജയം ഒരു വലിയ മാറ്റത്തിന്റെ നാന്ദിയായി കാണേണ്ടതില്ല. കഴിവുള്ളവർ ഏത് വംശജരായാലും ജനാധിപത്യ രാജ്യങ്ങളിൽ വിജയിക്കുമെന്നുള്ള സന്ദേശം മാത്രമാണ് നാം ഉൾക്കൊള്ളേണ്ടത്.
( ലേഖകൻ മുൻ അംബാസഡറാണ് )