
കാട്ടാക്കട: കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിലെ മതിൽ അപകടഭീഷണിയിൽ. വീരണകാവ് വില്ലേജ് ഓഫീസ് വളപ്പിലെ ആൽമരത്തിന്റെ വേരുകൾ മതിൽക്കെട്ടിന് പുറത്ത് വന്നതോടെ ചുവരുകൾ ഏത് സമയവും നിലം പൊത്താവുന്ന നിലയിലാണ്. ദിനം പ്രതി നൂറുകണക്കിനാളുകൾ വന്നുപോകുന്ന മാർക്കറ്റിന്റെ പ്രധാന ഗേറ്റിനടുത്തെ മതിലാണ് അപകടഭീഷണിയിലായിരിക്കുന്നത്. മാർക്കറ്റിന്റെ മതിൽ അപകടാവസ്ഥയിലാണെന്ന് കാട്ടി റവന്യൂ അധികൃതർക്കും,പൂവച്ചൽ ഗ്രാമപഞ്ചായത്തിനും മാർക്കറ്റിനുള്ളിലെ കച്ചവടക്കാർ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
മാസങ്ങൾക്ക് മുൻപ് മതിലിന്റെ അടിഭാഗത്തെ മണ്ണിടിഞ്ഞിരുന്നു.
തുടർച്ചയായുള്ള മഴയിൽ മതിലിന്റെ സൈഡ് വാൾ ഉൾപ്പെടെയുള്ള ഭാഗത്തെ സിമന്റ് ഇടിഞ്ഞുവീഴുകയും ചെയ്തു.വില്ലേജ് ഓഫീസ് കെട്ടിടത്തിനോട് ചേർന്നുള്ള പഴക്കമുള്ള മതിലാണിത്. മഴ തുടർന്നാൽ പത്തടിയിലേറെ പൊക്കവും 100 അടിയോളം നീളവുമുള്ള മതിൽ ഇടിഞ്ഞു വീണാൽ വൻ അപകടമുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.