നെയ്യാറ്റിൻകര: ഡോക്ടർമാരുടെ കുറവിൽ സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ പ്രവ‌ർത്തനം അവതാളത്തിലാണ്. 3 ഡോക്ടർമാർ കഴിഞ്ഞ ദിവസം രാജിവച്ചതോടെ ആശുപത്രി പ്രവ‌ർത്തനം സങ്കീർണ്ണമായിരിക്കുകയാണ്. കാഷ്വാലിറ്റിയും ഒ.പി വിഭാഗത്തിലുമായി ഡ്യൂട്ടി നോക്കിയിരുന്ന എൻ.ആർ.എച്ച്.എമ്മിന്റെ കീഴിലുളള അസിസ്റ്റന്റ് സർജനടക്കമുളള 3 ഡോക്ടർമാരാണ് ഉപരിപഠന സംബന്ധമായി രാജിവച്ചത്. ഇവർക്ക് പകരം ഡോക്ടർമാർ എത്താതിരുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണ്. രാജിവച്ച ഡോക്ടർമാർക്ക് പകരം ഡോക്ടർമാ‌‌ർ അടുത്ത ആഴ്ചയോടെ ചാ‌‌‌‌ർജെടുക്കുമെന്ന് ആശുപത്രി ആ‌‌‌ർ.എം.ഒ ഡോ.ലാലു വ്യക്തമാക്കി. ഡോക്ടർമാരുടെ കുറവിൽ കഴിഞ്ഞ ദിവസങ്ങളിൽ അമിത തിരക്കാണ് ഒ.പി വിഭാഗത്തിൽ അനുഭവപ്പെട്ടത്. താലൂക്കിലെ പല മേഖലകളിൽ നിന്നായി ആയിരത്തിലധികം രോഗികൾ ദിനംപ്രതി ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും മതിയായ ഡോക്ടർമാരില്ലാത്തതും,​ കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ട ചികിത്സാ വിഭാഗങ്ങളിൽ വിദഗ്ദ്ധർ ഇല്ലാത്തതും രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. 92 ഡോക്ടർമാർ വേണ്ട സ്ഥാനത്ത് ഇപ്പോൾ 30 പേരാണ് വിവിധ ചികിത്സാ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്. മികച്ച ഡോക്ടർമാരില്ലാത്തതിനാൽ അത്യാഹിതങ്ങളിലും റോ‌ഡപകടങ്ങളിലും പെട്ട് ഇവിടെയെത്തുന്നവരെയെല്ലാം പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ റഫർ ചെയ്യാൻ ആശുപത്രി വൃത്തങ്ങൾ നിർബന്ധിതരാകുകയാണ്. രാത്രികാലങ്ങളിൽ ചികിത്സയ്ക്കായി എത്തുന്നവർ മണിക്കൂറുകളോളമാണ് കാത്തുനിൽക്കുന്നത്. ഓർത്തോ, ജനറൽ വിഭാഗങ്ങളിലായി കുറഞ്ഞത് ഒരു ഡോക്ടറും സീനിയർ സിവിൽ സർജനും ഉണ്ടാകേണ്ടിടത്ത് പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ മാത്രമാണുള്ളത്. താലൂക്കാശുപത്രിയിൽ നിന്ന് ജനറൽ ആശുപത്രി പദവിയിലെത്തി വർഷങ്ങൾ പിന്നിട്ടിട്ടും പദവിക്കനുസരിച്ചുളള ചികിത്സാസൗകര്യങ്ങളൊരുക്കാൻ അധികൃതർക്ക് കഴിയാത്തതിൽ പ്രതിഷേധം ശക്തമാണ്.