തിരുവനന്തപുരം: മൂന്ന് ലോക റെക്കോഡുകൾ നേടിയ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ശിവലിംഗത്തിന് നാലാമതൊരു നേട്ടം കൂടി. ശിവലിംഗത്തിന്റെ ഉയരവും നിർമ്മാണ സവിശേഷതകളും പരിഗണിച്ച് വേൾഡ് റെക്കാഡ്സ് യൂണിയൻ എന്ന റെക്കാഡാണ് ലഭിച്ചിരിക്കുന്നത്.
27ന് രാവിലെ 9ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വേൾഡ് റെക്കോഡ് യൂണിയന്റെ ഒഫിഷ്യൽ റെക്കോഡ് മാനേജർ ക്രിസ്റ്റഫർ ടെയ്‌ലർ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് കൈമാറും. മന്ത്രി കെ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജമോഹൻ തുടങ്ങിയവർ പങ്കെടുക്കും. 2019ൽ ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സും 2020ൽ ഏഷ്യാ ബുക്ക് ഒഫ് റെക്കോഡ്സും 2021ൽ ലിംക ബുക്ക് ഒഫ് റെക്കോഡ്സുമാണ് മുമ്പ് ലഭിച്ചിട്ടുള്ളത്.