cong

തിരുവനന്തപുരം: സർവകലാശാലാ വി.സിമാരോട് ഒറ്റയടിക്ക് രാജിയാവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള സമീപനത്തെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം പ്രകടമായതോടെ കോൺഗ്രസിലും യു.ഡി.എഫിലും ആശയക്കുഴപ്പം. സർവകലാശാലകളിലെ രാഷ്ട്രീയാതിപ്രസരത്തിന് തടയിടാനുള്ള കോൺഗ്രസ് പോരാട്ടത്തെ സാധൂകരിക്കുന്നതെന്ന നിലയിൽ ചില ഉന്നത കോൺഗ്രസ് നേതാക്കൾ ഗവർണറുടെ ഉത്തരവിനെ വ്യാഖ്യാനിച്ചിരുന്നു. എന്നാൽ, മുസ്ലിംലീഗ് നേതൃത്വം ഗവർണറെ തള്ളിപ്പറഞ്ഞതോടെ അവർ വെട്ടിലായി.

ലീഗ് നിലപാട് മനസിലാക്കി എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാലും കെ.മുരളീധരൻ എം.പിയും ഗവർണർക്കെതിരെ രൂക്ഷവിമർശനമുയർത്തിയതോടെ കോൺഗ്രസിൽ രണ്ടഭിപ്രായമുണ്ടായെന്ന വിലയിരുത്തലുണ്ടായി. ലീഗ് അഭിപ്രായം വന്നതോടെ

ഗവർണറെ കണ്ണടച്ച് അംഗീകരിക്കുകയല്ലെന്നും സർക്കാരിന്റെ ക്രമവിരുദ്ധ നടപടികളെയാണെതിർത്തതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മയപ്പെടുത്തി.

എന്നാൽ, ഗവർണറുടെ തീരുമാനത്തിൽ ആർ.എസ്.എസ് അജൻഡയില്ലെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിലപാട് തിരുത്തിയിട്ടില്ല.


കോൺഗ്രസ് നിലപാടുകളിൽ അവ്യക്തത തുടരുന്നതിനിടെ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ ഗവർണറെ തള്ളിപ്പറഞ്ഞു. ഗവർണർ വി.സിമാർക്ക് നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെ ഇ.ടി.മുഹമ്മദ് ബഷീറാണ് അദ്ദേഹത്തിനെതിരെ ആദ്യം വിമർശനമുന്നയിച്ചത്. തൊട്ടുപിന്നാലെ പി.എം.എ സലാമും രംഗത്തെത്തി. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്താകെ സ്വന്തം പാർട്ടിക്കാരെ വി.സിമാരാക്കുന്നതിൽ കടുത്ത വിമർശനങ്ങളുയരുന്ന കാലഘട്ടമാണിതെന്ന്ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നിലപാടിനെതിരെ ലീഗ് രംഗത്തെത്തിയത്. അതേസമയം കോൺഗ്രസിലെയും ലീഗിലെയും വ്യത്യസ്താഭിപ്രായം ഗുണമാകുന്നത് ഗവർണർക്കെതിരെ പോരാട്ടം കടുപ്പിക്കുന്ന ഇടതുമുന്നണിക്കാണെന്ന വിലയിരുത്തലുണ്ട്.

കോൺഗ്രസിലെ

ഒരുവിഭാഗം പറയുന്നത്

സുപ്രീംകോടതി വിധിയുടെയും യു.ഡി.എഫ് കഴിഞ്ഞ ഒരുവർഷമായി സ്വീകരിച്ച നിലപാടുകളുടെയും അടിസ്ഥാനത്തിൽ വി.സി നിയമനം ക്രമവിരുദ്ധമാണെന്ന രാഷ്ട്രീയനിലപാടിലേക്കല്ലാതെ യു.ഡി.എഫിനോ കോൺഗ്രസിനോ എത്തിച്ചേരാനാവില്ലെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം കരുതുന്നത്. കോൺഗ്രസ് അനുകൂല സർവകലാശാലാ യൂണിയൻ മുൻനേതാവ് നടത്തിവരുന്ന പോരാട്ടങ്ങളുടെ തുടർച്ചയാണിതെന്നതും ഗവർണറുടെ നടപടിയെ തുണയ്ക്കാൻ ഈ വിഭാഗത്തെ പ്രേരിപ്പിക്കുന്നുണ്ട്. ഗവർണറുടെ രാഷ്ട്രീയത്തെ ശക്തിയുക്തം നേരത്തേമുതൽ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നിരിക്കെ, ഇപ്പോഴത്തേത് വിഷയാധിഷ്ഠിത സമീപനമായി കണ്ടാൽ പോരേയെന്നും അവർ ചോദിക്കുന്നു.