
തിരുവനന്തപുരം: മൂന്ന് വർഷ ബിരുദ കോഴ്സുകൾക്ക് പകരം അടുത്ത വർഷം മുതൽ നാല് വർഷ കോഴ്സുകൾ തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണം സംബന്ധിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന കേരള ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് (ഹയർ എജ്യുക്കേഷൻ കരിക്കുലം ഫ്രെയിംവർക്ക്) രൂപവത്കരിക്കും. ഇതിനുള്ള കരട് 2023 മാർച്ചോടെ രൂപപ്പെടുത്താനാകണം. ഈ ചട്ടക്കൂടിന് അനുസൃതമായി പാഠ്യപദ്ധതി പരിഷ്‌കരണവും നവീകരണവും അതത് സർവകലാശാലകൾ ഉറപ്പാക്കണം.
സംസ്ഥാനത്തെ ഏഴ് സർവകലാശാലകളിൽ അഞ്ച് വർഷത്തേക്ക് മൂന്ന് വീതം പ്രോജക്ട് മോഡ് കോഴ്സുകൾ തുടങ്ങാൻ തീരുമാനിച്ചു. അക്കാഡമിക് സ്വാതന്ത്ര്യം ഉറപ്പാക്കി പത്ത് സർക്കാർ കോളേജുകളെ കോൺസ്റ്റിറ്റ്യുവന്റ് കോളേജുകളാക്കി ഉയർത്തും. തിയറി, ഇന്റേണൽ പരീക്ഷ മാർക്ക് അനുപാതം 80:20ൽ നിന്ന് 60:40 ആക്കാനുള്ള നിർദ്ദേശത്തോട് അനുകൂല നിലപാടാണ് ലഭിച്ചത്. ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തണമെന്ന നിർദ്ദേശവും ഉയർന്നുവന്നിട്ടുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി ഈ നിർദ്ദേശത്തിൽ വേഗം തീരുമാനത്തിലെത്താൻ കഴിയണം.
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റമാണ് ലക്ഷ്യമിടുന്നത്. നൂതന സംവിധാനങ്ങളും വിനിമയ രീതിയുമുള്ള സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉയർന്നുവരാൻ സ്വകാര്യ നിക്ഷേപം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ.കെ. ജയകുമാർ, ഡോ. സി.ടി അരവിന്ദകുമാർ, ഡോ.എം.വി നാരായണൻ, ഡോ. പി.എം മുബാറക് പാഷ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
രണ്ടാം ദിവസമായ ഇന്ന് (ബുധൻ) രാവിലെ 9.30ന് ചർച്ച പുനരാരംഭിക്കും. പകൽ 12ന് സമാപന സമ്മേളനത്തിൽ മന്ത്രി ഡോ. ആർ ബിന്ദു പ്രഭാഷണം നടത്തും.
പിപ്പിടി വിദ്യകൾ കൈയിൽ വച്ചാൽ മതി
കേരളത്തിലെ മതനിരപേക്ഷ ജനകീയ ജനാധിപത്യ വിദ്യാഭ്യാസ ബദലിനെ അസഹിഷ്ണതയോടെ കാണുന്നവർ പലതരത്തിലുള്ള പിപ്പിടി വിദ്യകളുമായി കടന്നുവരുന്നുണ്ട്. ആ വിദ്യകളെല്ലാം അവരുടെ കൈയിൽ വച്ചാൽ മതി. ഉന്നത വിദ്യാഭ്യാസ ശാക്തീകരണമെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന് തടയിടാൻ പലവിധ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. അത്തരം ശ്രമങ്ങളിൽ ഭയന്ന് ഓടുന്നവരോ തിരിഞ്ഞുനടക്കുന്നവരോ അല്ല. തീരുമാനിച്ച കാര്യങ്ങൾ സമയോചിതമായി പൂർത്തീകരിച്ച് മുന്നേറുമെന്ന് പലവട്ടം തെളിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്ഭവൻ പ്രതിഷേധ കൂട്ടായ്മ:
എൽ.ഡി.എഫ് ഒരു ലക്ഷം
പേരെ അണിനിരത്തും
തിരുവനന്തപുരം: ഗവർണറുടെ നടപടികളിൽ പ്രതിഷേധിച്ച് ഇടതുമുന്നണി നവംബർ 15 ന് രാജ്ഭവന് മുന്നിൽ നടത്തുന്ന ജനകീയ കൂട്ടായ്മയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കും.
മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും അന്ന് പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും.
ഗവർണർക്കെതിരായ പ്രതിഷേധ പ്രകടനങ്ങൾ ഇന്നലെ മുതൽ ഇടതുമുന്നണി തുടങ്ങി. ഇന്നും പ്രകടനങ്ങൾ നടക്കും. ഗവർണർ ഇല്ലാത്ത അധികാരമുപയോഗിച്ച് സംഘപരിവാറിന്റെ തിട്ടൂരങ്ങൾ നടപ്പിലാക്കുന്നത് അനുവദിക്കാനാവില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മൂന്ന് കമ്മിഷനുകൾ സമർപ്പിച്ച ശുപാർശകൾ നടപ്പിലാക്കാൻ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ടയെ ശക്തമായി പ്രതിരോധിച്ചും, മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചും കേരളം മുന്നോട്ടു പോവുകയുമാണ്. അതിന് തടയിടാൻ ആർ.എസ്.എസ് നൽകുന്ന തിട്ടൂരങ്ങൾക്കനുസരിച്ച്ഗവർണർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ തകർക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം ജനങ്ങളിൽ നിന്ന് ഉയർന്നുവരണമെന്ന് ജയരാജൻ പറഞ്ഞു.
.