vicew-chancellor

തിരുവനന്തപുരം: നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ പത്ത് വൈസ്ചാൻസലർമാരെ പുറത്താക്കിയാലും, ഇവർക്ക് വീണ്ടും നിയമനത്തിന് അപേക്ഷിക്കാനാവും.

യു.ജി.സി ചട്ടങ്ങൾ പാലിച്ച് രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിക്ക് ഇവരെ നിയമനത്തിനുള്ള പാനലിൽ ഉൾപ്പെടുത്താനും ,ഗവർണർക്ക് വീണ്ടും നിയമിക്കാനും നിയമതടസമൊന്നുമില്ല. നിയമന രീതിയിലെ ക്രമക്കേടു കാരണം പ്രഗത്ഭരായ ചില വി.സിമാർ പുറത്താകുന്നത് നിർഭാഗ്യകരമാണെന്ന് എം.ജി വി.സി ഡോ.സാബു തോമസ്, സംസ്കൃത വി.സി ഡോ.എം.വി.നാരായണൻ എന്നിവരുടെ പേരെടുത്ത് പറഞ്ഞ് ഗവർണർ വ്യക്തമാക്കിയിരുന്നു.

ചട്ടപ്രകാരമല്ലാത്ത സാങ്കേതിക വി.സി ഡോ.രാജശ്രീയുടെ നിയമനം അസാധുവാണെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനാൽ മറ്റുള്ളവരുടെയും നിയമനം ആദ്യ ദിനം മുതൽ അസാധുവാണെന്ന നിലപാടാണ് ഗവർണർക്ക്. കാലാവധി തീരാൻ മാസങ്ങൾ മാത്രമുള്ളവരും കൂട്ടത്തിലുണ്ട്. ഇവർക്കൊന്നും വി.സി എന്ന നിലയിലുള്ള വിരമിക്കൽ, പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കില്ല. എന്നാൽ, ഇവരെല്ലാം പത്തു വർഷമെങ്കിലും സർവീസുള്ള പ്രൊഫസർമാരായിരുന്നതിനാൽ ആ പദവിയിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം, വി.സിയായി തുടർന്ന കാലയളവ് പ്രവൃത്തി പരിചയമായി പോലും കണക്കാക്കാനാവില്ല. എന്നാൽ ഇവരുടെ സർവീസ് നഷ്ടപ്പെടാതിരിക്കാൻ, ഈ കാലയളവ് ഡെപ്യൂട്ടേഷൻ സേവനമായി കണക്കാക്കി സർക്കാരിന് ഉത്തരവിറക്കാം. അതിലൂടെ മുഴുവൻ പെൻഷനും ഉറപ്പാക്കാനാവും.

‌ പെരുമാറ്റദൂഷ്യം, സാമ്പത്തിക ക്രമക്കേട് എന്നിവ കണ്ടെത്തി ചാൻസലർ പുറത്താക്കിയതല്ലാത്തതിനാൽ ഇവർക്ക് മറ്റ് അക്കാഡമിക് പദവികൾ വഹിക്കുന്നതിൽ വിലക്കുണ്ടാവില്ല. ഗവേഷണത്തിനും മറ്റും യു.ജി.സി ഫണ്ട് ലഭിക്കാനും തടസമില്ല. രാജി വയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതിനാൽ വി.സിമാരാരും രാജി വച്ചേക്കില്ല.