തിരുവനന്തപുരം: ഊരൂട്ടമ്പലത്തു നിന്ന് അമ്മയെയും രണ്ടര വയസുള്ള പെൺകുഞ്ഞിനെയും കാണാതായ സംഭവം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. 2011ലാണ് ഊരൂട്ടമ്പലം പെരുമുള്ളൂർ അംബികാ വിലാസത്തിൽ ദിവ്യമോൾ. സി.ആറിനെയും രണ്ടര വയസുള്ള മകൾ ഗൗരിയെയും കാണാതായത്.
ജില്ലാ അഡിഷണൽ എസ്.പി എം.കെ. സുൽഫിക്കറിന്റെ മേൽനോട്ടത്തിൽ 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. നെയ്യറ്റിൻകര എ.എസ്.പി. ഷറഫ്. ടി, സിബ്രാഞ്ച് ഡി.വൈ.എസ്.പി ജോൺസൺ.കെ.ജെ, ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി. വിജുകുമാർ. എൻ എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ദിവ്യയുടെ പങ്കാളി അരുമാനൂർ സ്വദേശി മാഹീൻകണ്ണാണ് ഇവരെ വിളിച്ചുകൊണ്ടുപോയതെന്നാണ് രക്ഷിതാക്കളുടെ പരാതി.
നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഇവർ ഒരുമിച്ച് താമസിക്കുകയായിരുന്നു. 2011 ആഗസ്‌റ്റ് മുതൽ ദിവ്യയെയും മകളെയും കാണാതായി. ദിവ്യയുടെ രക്ഷിതാക്കൾ നിരവധി തവണ മാഹീൻകണ്ണിനോട് വിവരങ്ങൾ തെരക്കിയെങ്കിലും വ്യക്തമായ ഉത്തരം നൽകിയില്ല. ദിവ്യ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒന്ന് കാണണമെന്നാണ് തന്റെ അവസാന ആഗ്രഹമെന്ന് അമ്മ രാധ പറയുന്നു. ദിവ്യയുടെ രക്ഷിതാക്കൾ മാറനല്ലൂർ, പൂവാർ സ്‌റ്റേഷനുകളിലും നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്കും പരാതി നൽകി പത്ത് വർഷത്തിലേറെയായെങ്കിലും കേസ് അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം.
അന്വേഷണം അട്ടിമറിക്കാൻ പൊലീസുകാരുടെ ഭാഗത്ത് ശ്രമമുണ്ടായതായും ആരോപണമുണ്ട്. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ ദിവ്യയുടെ തിരോധാനം വീണ്ടും വാർത്തയും വിവാദവുമായതോടെയാണ് റൂറൽ എസ്.പി ഡി. ശില്പ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.