mohan-kunnummal

തിരുവനന്തപുരം: സംസ്ഥാനത്തെ 15 സർവകലാശാലകളിൽ യു.ജി.സി ചട്ടപ്രകാരം നിയമിതരായതും, പുറത്താക്കൽ ഭീഷണി നേരിടാത്തതുമായ രണ്ട് വൈസ്ചാൻസലർമാർ മാത്രം. ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹനൻ കുന്നുമ്മലും, വെറ്ററിനറി വി.സി ഡോ.എം.ആർ.ശശീന്ദ്രനാഥും. യു.ജി.സി ചട്ടപ്രകാരം സെർച്ച് കമ്മിറ്റി നൽകിയ പാനലിൽ നിന്നാണ് ഇരുവരെയും നിയമിച്ചത്.

ആരോഗ്യസർവകലാശാലാ വി. സി നിയമനത്തിന് സെർച്ച്കമ്മിറ്റി നൽകിയ പാനലിലെ ആദ്യത്തെ രണ്ടു പേരെ ഒഴിവാക്കിയാണ്, ഡോ.മോഹൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ചത്. ഡോ. പ്രവീൺലാൽ, മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൻ ഡോ. വി.രാമൻകുട്ടി എന്നിവരെയാണ് ഗവർണർ ഒഴിവാക്കിയത്. ഡോ.പ്രവീൺലാലിനെ വി.സിയാക്കാനാണ് താൽപര്യമെന്നു സർക്കാർ അറിയിച്ചെങ്കിലും, ഗവർണർ വകവച്ചില്ല. പാനലിലെ അവസാന പേരുകാരനായിരുന്നു ഡോ.മോഹൻ കുന്നുമ്മൽ.കേരള, കാർഷിക സർവകലാശാലകളിൽ വി.സിമാർ വിരമിച്ചു. കൊച്ചിയിലെ ദേശീയ നിയമ സർവകലാശാലയിൽ ഹൈക്കോടതി ചീഫ്ജസ്റ്റിസാണ് ചാൻസലർ.

കേരള വി.സി ചുമതല

മോഹൻ കുന്നുമ്മലിന്

ഡോ.വി.പി.മഹാദേവൻ പിള്ള വിരമിച്ച ഒഴിവിൽ, ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹൻ കുന്നുമ്മലിന് കേരള വി.സിയുടെ താത്കാലിക ചുമതല നൽകി. ഇന്നലെ രാവിലെ 10.45ന് സർവകലാശാലയിലെത്തിയ അദ്ദേഹത്തെ രജിസ്ട്രാറും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. ചുമതലയേറ്റ ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം അദ്ദേഹം സർവകലാശാലയിൽ ചെലവിട്ടു.