കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ പാലത്തിന് സമീപം ഒരു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി അരുൺ (22), തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽ കഞ്ചാവ് കടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പാലത്തിന് സമീപം സംശയാസ്പദമായി കണ്ട യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് എത്തിക്കുകയായിരുന്നെന്ന് പ്രതികൾ സമ്മതിച്ചു. യാത്രയ്ക്കിടെ ബംഗളൂരു ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇവർ ഇറങ്ങിയതായും ലഹരി ഇടപാടുകൾ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.