arrest

മലയിൻകീഴ്: സി.പി.എം നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗവുമായ കള്ളിക്കാട് സുനിൽകുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആർ.എസ്.എസ് നേതാവ് പെരിഞ്ഞാം കടവ് ദേവി കൃപയിൽ ആദിത്യയെ (20,ഉണ്ണിക്കണ്ണൻ) വിളപ്പിൽശാല പൊലീസ് അറസ്റ്റുചെയ്‌തു. നാലാം പ്രതിയായ ആദിത്യ ആർ.എസ്.എസ് കള്ളിക്കാട് മുഖ്യ കാര്യവാഹകനാണെന്ന് പൊലീസ് അറിയിച്ചു.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കാട്ടാക്കട ഏരിയാ കമ്മിറ്റി സെക്രട്ടറി ഗിരിയുടെ വീട് അടിച്ചു തകർത്ത കേസ്, കാട്ടാക്കട കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച കേസ്, സി.പി.എം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയുടെ പങ്ക് പൊലീസ് അന്വേഷിക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8ന് സുനിൽകുമാറും സഹോദരി ബീനയും സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടർന്നെത്തിയ മൂന്നംഗസംഘം ബൈക്കിലെത്തി സുനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കേസിലെ മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.‌

ആക്രമണത്തിനുശേഷം കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറകളും ട്രാഫിക് കാമറകളും പൊലീസ് പരിശോധിച്ചിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചും ഷാഡോ പൊലീസിന്റെ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. വിളപ്പിൽശാല ഇൻസ്‌പെക്ടർ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്, ബൈജു, സി.പി.ഒമാരായ പ്രദീപ്,അജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.