jayakumar

തിരുവനന്തപുരം: നരബലി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ അധമ സംസ്‌കാരത്തിനെതിരെ കേരളത്തിലെ സാംസ്‌കാരിക നായകർ ഉണരണമെന്ന് മന്ത്രി വി.എൻ.​ വാസവൻ പറഞ്ഞു. ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയും എ. അയ്യപ്പൻ പഠനകേന്ദ്രവും സംയുക്തമായി ഭാരത് ഭവനിൽ സംഘടിപ്പിച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ സ‌പ്‌തതി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറുവർഷം കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളാണ് ജയകുമാർ 70 വർഷം കൊണ്ട് ചെയ്‌തതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കവി പ്രഭാവർമ്മ പറഞ്ഞു. കവി സെബാസ്റ്റ്യൻ എഡിറ്റ് ചെയ്‌ത ' കെ. ജയകുമാർ ഒരു വിസ്‌മയം ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ ജോർജ് ഓണക്കൂർ മന്ത്രി വാസവന് നൽകി നിർവഹിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി വി. വേണു, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, എ.ജി. ഒലീന, ആർ. രാജ്മോഹൻ, മണക്കാട് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കെ. ജയകുമാർ മറുപടി പ്രസംഗം നടത്തി. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയെ അവലംബിച്ച് ജയകുമാർ വരച്ച ചിത്രങ്ങളുടെ പ്രദർശനത്തോടെയാണ് സ‌പ്‌തതി ആഘോഷം ആരംഭിച്ചത്. കവി സമ്മേളനം ഡോ.സി. രാവുണ്ണി ഉദ്ഘാടനം ചെയ്‌തു. കെ. ജയകുമാർ അനുവർത്തനം ചെയ്‌ത മലയാള രവീന്ദ്രസംഗീതം ഗായിക മീതു പ്രസാദ് ആലപിച്ചു. സിംഫണി കൃഷ്‌ണകുമാർ ജയകുമാറുമായി സംവദിച്ച് ,​അദ്ദേഹത്തിന്റെ ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ച ' ചന്ദനലേപ സുഗന്ധം ' എന്ന പരിപാടിയും അരങ്ങേറി.