arif-mohammad-khan-vs-pin

തിരുവനന്തപുരം: വൈസ് ചാൻസലർമാരോട് കൂട്ടത്തോടെ രാജിയാവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ. വിട്ടുകൊടുക്കില്ലെന്ന് ഗവർണറും. ഭരണ പ്രതിസന്ധി വരെ എത്താവുന്ന അസാധാരണ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കേരളം നീങ്ങുന്നു.

ഗവർണർക്കെതിരായ രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി 15ന് ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവൻ മാർച്ചിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാൻ ഇന്നലെ മുന്നണി നേതാക്കൾക്കിടയിലെ ചർച്ചയിൽ ധാരണയായി. സംസ്ഥാന ഭരണത്തലവനെതിരെ മുഖ്യമന്ത്രി നേരിട്ട് സമര രംഗത്തിറങ്ങുന്നത് അസാധാരണ സാഹചര്യം സൃഷ്ടിക്കും.

വി.സിമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കത്തിന് തടയിടാൻ സർവകലാശാലാതലങ്ങളിൽ നിയമപോരാട്ടം തുടരാനാണ് സർക്കാർ നീക്കം. ഹൈക്കോടതി വിധി ഗവർണർക്കനുകൂലമായാലും ,അപ്പീൽ ഹർജികളുമായി മുന്നോട്ട് പോകും. രാഷ്ട്രീയപോരാട്ടവും, നിയമപോരാട്ടവും കനപ്പിക്കും.

ഗവർണർക്കെതിരെ അതിരു വിട്ട കടന്നാക്രമണം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതിന് പിന്നാലെ ,അതേ നാണയത്തിൽ തിരിച്ചടിച്ച് ഗവർണറും രംഗത്തെത്തി. വി.സിമാരുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ഗവർണർ, രാജിയാവശ്യപ്പെട്ട ഒമ്പത് വി.സിമാർക്ക് പുറമേ ശ്രീനാരായണ ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളുടെ വി.സിമാർക്കും നോട്ടീസ് നൽകി. പാലക്കാട്ട് വാർത്താസമ്മേളനത്തിലും പിന്നീട് പൊതുയോഗത്തിലും ഗവർണർക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി ഇന്നലെയും ആക്രമണം തുടർന്നു. ഭരണത്തിന് നേതൃത്വം നൽകുന്നയാളെന്ന നിലയിൽ ഭരണത്തലവനെതിരേ നേരിട്ടുള്ള കടന്നാക്രമണത്തിന് കാര്യമായി മുതിരാതിരുന്ന മുഖ്യമന്ത്രി, ഗവർണർ അതിരുവിടുന്നതിനാൽ ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് മാറി.

രാജ്ഭവൻ മാർച്ചിന് പുറമേ, ജില്ലാതലങ്ങളിലും പ്രതിഷേധങ്ങൾ വ്യാപമാക്കാനാണ് ഇടതു തീരുമാനം. ഗവർണറുടേത് സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡയാണെന്ന് സ്ഥാപിക്കുക വഴി സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളിലടക്കം അനുകൂലവികാരം നേടിയെടുക്കാമെന്ന കണക്കുകൂട്ടലുമുണ്ട്. ഗവർണറോടുള്ള സമീപനത്തിൽ യു.ഡി.എഫ് നേതാക്കളിലുണ്ടായ ആശയക്കുഴപ്പം രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമാകുമെന്നും കണക്കുകൂട്ടുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമനിർമാണത്തിനുള്ള ആവശ്യവും മുന്നണിയിലുയരുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഓർഡിനൻസിറക്കിയാലും ഗവർണർ ഒപ്പിടുമോയെന്ന സംശയമുണ്ട്.

സർക്കാർ

വ്യക്തത തേടും

സാങ്കേതിക സർവകലാശാലാ വി.സിക്കെതിരായ തർക്കവിഷയത്തിൽ യു.ജി.സി ചട്ടലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി പറഞ്ഞ വിധി, തർക്ക വിഷയമില്ലാത്ത മറ്റ് വി.സിമാർക്ക് ബാധകമാകുമോയെന്നതിൽ വ്യക്തത തേടി ഹർജി സമർപ്പിക്കാനാണ് സർക്കാർ നീക്കം. സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ വി.സിമാരുടെ ഹർജികളിൽ ഹൈക്കോടതി ഗവർണർക്ക് അനുകൂലമായി വിധിച്ചാൽ, ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനും സർവകലാശാലാതലങ്ങളിൽ നീക്കമുണ്ട്.വി.സിമാരെ നീക്കുന്നതിൽ യു.ജി.സി ചട്ടങ്ങളിലൊന്നും പറയുന്നില്ല. കേരളത്തിലെ സർവകലാശാലാ നിയമങ്ങളിലാകട്ടെ ,വി.സിമാരെ നീക്കാൻ ചട്ടപ്രകാരം റിട്ട. ഹൈക്കോടതി ജഡ്ജിയെ കമ്മിഷനായി വച്ച് വാദം കേൾക്കണമെന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വ്യക്തത തേടുന്നത്.