dgp

തിരുവനന്തപുരം: പൊലീസ് സ്​റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ അല്ലാതെ ഒരു കാരണവശാലും ബലപ്രയോഗം പാടില്ല. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡി ഐ ജിമാരുടെയും സോൺ ഐ ജിമാരുടെയും ഓൺലൈൻ യോഗത്തിലായിരുന്നു ഈ നിർദ്ദേശം നൽകിയത്.

സ്​റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭ്യമാകുന്ന തരത്തിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണം. സ്​റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ സബ് ഡിവിഷണൽ ഓഫീസർമാർ കൃത്യമായി വിലയിരുത്തണം. കേസുകളും കു​റ്റകൃത്യങ്ങളും മ​റ്റുമായി ബന്ധപ്പെട്ട് വ്യക്തികളെ സ്​റ്റേഷനുകളിൽ കൊണ്ടുവരുമ്പോൾ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷണൽ ഓഫീസർമാർക്കും സ്​റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമായിരിക്കും. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ സ്​റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണം.