തിരുവനന്തപുരം: മുട്ടത്തറയിൽ ഗുണ്ടാത്തലവനും മയക്കുമരുന്ന് ഇടപാടുകാരനുമായ കന്യാകുമാരി സ്വദേശി പീറ്റർ കനിഷ്കറിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.മുട്ടത്തറ സ്വദേശികളായ മനു രമേശ്,ഷെഹിൻ ഷാ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ പ്രതികളുമായി ശരീരഭാഗങ്ങളുടെ തെരച്ചിലും തെളിവെടുപ്പും നടക്കും. തമിഴ്നാട്ടിലുൾപ്പെടെ പ്രതികൾ ഉൾപ്പെട്ട മറ്റ് കേസുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. കൊല്ലപ്പെട്ട പീറ്റർ കനിഷ്കറിന്റെ ഉടലിന്റെ ഡി.എൻ.എ പരിശോധനാഫലം ഇന്ന് ലഭ്യമാകും. കാലിന്റെ ഡി.എൻ.എ പരിശോധനാഫലം ശനിയാഴ്ച്ച ലഭ്യമായതോടെയാണ് കൊല്ലപ്പെട്ടത് പീറ്റർ കനിഷ്കറെന്ന് സ്ഥിരീകരിച്ചത്. ശേഷിക്കുന്ന ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി ഡി.എൻ.എ പരിശോധനാഫലം ലഭിച്ചാലേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ കഴിയൂ.