
തിരുവനന്തപുരം:സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഹരിഗുളികകൾ വിൽക്കുന്ന അഞ്ചുപേർ പിടിയിൽ. കാരയ്ക്കാമണ്ഡപത്തുനിന്ന് രണ്ടുപേരെയും മുട്ടടയിൽനിന്ന് യുവതി ഉൾപ്പെടെ മൂന്നുപേരെയുമാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. നടുവത്തുവിള പുത്തൻവീട്ടിൽ അതുൽ .എസ് കുമാർ(19),കോളിയൂർ ചാണക്കര കൃപാഭവനിൽ അനീഷ്(25), ഓട്ടോറിക്ഷവ ഡ്രൈവറായ മണ്ണന്തല കുളപ്പറക്കോണം രാജൻ നിവാസിൽ അരവിന്ദ്(24), ഇടവക്കോട് സജി ഭവനിൽ ജിത്ത്.ജി.എസ് (26), മുട്ടട കുശവർക്കൽദീപം വീട്ടിൽ വാടകയ്ക്ക് താമസം റാഫ.ടി.പ്രദീപ്(23) എന്നിവരാണ് പിടിയിലായത്. കാരയ്‌ക്കാ മണ്ഡപത്തിൽ നിന്ന് പിടികൂടിയവരിൽ നിന്ന് 42 നൈട്രോസിപാം ഗുളികകളും മുട്ടടയിൽ പിടിയിലായവരിൽ നിന്ന് 125 നൈട്രോസിപാം ഗുളികയും എം.ഡി.എയും കഞ്ചാവും കണ്ടെടുത്തു.മാനസികരോഗികൾക്ക് നൽകുന്ന ഗുളികകളാണ് ഇവർ വിദ്യാർത്ഥികൾക്ക് വിറ്റിരുന്നത്.
നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതിയാണ് റാഫ. ഇവരാണ് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി ലഹരിഗുളികകൾ സംഘടിപ്പിക്കുന്നതെന്ന് എക്‌സൈസ് പറഞ്ഞു.പേരൂർക്കട ആശുപത്രിയിലെത്തി ഒ.പി. ടിക്കറ്റ് എടുത്തശേഷം റാഫ തന്നെ ഒ.പി. ടിക്കറ്റിൽ മരുന്നിന്റെ പേരുകൾ എഴുതിചേർക്കുകയായിരുന്നു. ഡോക്ടറുടെ പേരിലുള്ള വ്യാജസീലും ഇവർ ഉപയോഗിച്ചിരുന്നു.ഒരു ഗുളിക 50 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നതെന്നും എക്‌സൈസ് പറഞ്ഞു.അതുൽ.എസ്.കുമാർ മോഷണ,അടിപിടി കേസുകളിലെ പ്രതിയും അരവിന്ദ് പോക്സോ കേസ് പ്രതിയുമാണ്.നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ ഷിബു ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ.എം,വിപിൻ.പി.എസ്,സുരേഷ് ബാബു,ആരോമൽ രാജൻ,രതീഷ്, പ്രബോധ്,അക്ഷയ് സുരേഷ്, മഞ്ജു എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.