swapnam

'കഷ്ടകാലം പിടിച്ചവർ തലമൊട്ടയടിച്ചപ്പോൾ പെയ്തത് കല്ലുമഴ' എന്നു പറയും പോലെയാണ് നമ്മുടെ കഥാനായികയുടെ കാര്യം. വിദേശരാജ്യവുമായി നിരന്തരം ബന്ധപ്പെടാൻ സാദ്ധ്യതയുള്ള നല്ല ജോലി, അത്യുന്നതങ്ങളിൽ വിരാജിക്കുന്ന പ്രമുഖരുമായുള്ള ആത്മബന്ധം, കീശയിലേക്ക് ആഗ്രഹിച്ചതിലും അധികമായി ഒഴുകുന്ന കമ്മിഷന് ഏറെ സ്കോപ്പുള്ള വ്യാവസായിക ഇടപാടുകൾ... എന്തും വെട്ടിപ്പിടിക്കാൻ കോപ്പുള്ള പ്രൗഢിയിലാണ് സ്വപ്നനായിക വിരാജിച്ചത്. 'ഉണ്ടിരുന്ന നായർക്ക് ഒരു വിളിതോന്നി' എന്ന ചൊല്ലുപോലെ സ്വർണപ്പകിട്ടുള്ള ഇടപാടുകളിലേക്ക് കാലെടുത്തു വയ്ക്കാൻ ഏതു നിമിഷത്തിലാണ് നായികയ്ക്ക് തോന്നിയതെന്ന് നിശ്ചയമില്ല. സർവശക്തനായ പരമേശ്വരന്റെ അവതാരമെന്നപോൽ രക്ഷകനായെത്തിയ, സർവാധികാരങ്ങളിലും അഭിരമിക്കുന്ന ശിവശങ്കര കുമാരനുമായുള്ള ചങ്ങാത്തമാണ് നായികയുടെ ജീവിതത്തിൽ താളപ്പിഴകൾക്ക് വഴിയൊരുക്കിയത്. അതോടെ അധികാരത്തിന്റെ ചിറക് വിടർത്തിയ നിരവധി ശക്തികൾ വേട്ടയാടാനെത്തി. കഥാന്ത്യത്തിൽ നായിക അകത്തുമായി. പുറത്തിറങ്ങിയിട്ടും പെടാപ്പാടുതന്നെ . എവിടെ ചെന്നാലും കുത്തുവാക്കുകൾ, ശാപം, കുറ്റപ്പെടുത്തൽ. ജീവിതമാകെ പുകഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ. എങ്ങനെയും ഒതുങ്ങിക്കൂടാമെന്ന് തീരുമാനിച്ചപ്പോൾ അതാ വരുന്നു അഭിനവ എഴുത്തച്ഛന്റെ ആത്മകഥാസ്പർശമുള്ള ഉത്കൃഷ്ട ഗ്രന്ഥം. ഗ്രന്ഥത്തിന്റെ തുടക്കം മുതൽ അവസാനപുറം വരെ ഒന്നു മനസിരുത്തി വായിച്ചാൽ മനസിലാവും നമ്മുടെ കഥാനായികയെ എങ്ങനെയൊക്കെ തല്ലിയിട്ടും തലോടിയിട്ടും ഉണ്ടെന്ന്. നട്ടെല്ലിന് തൊഴിച്ചിട്ട് പുരട്ടാൻ തൈലവും കുഴമ്പും കൊടുക്കും പോലെ. അതോടെ നായികയുടെ ആത്മാഭിമാനം ഉണർന്നു, തനിക്ക് പറ്റിയ ചതിയും തന്നോടു പലരും കാട്ടിയ വഞ്ചനയും നായികയ്ക്ക് ശരിക്കും ബോദ്ധ്യപ്പെട്ടു. നല്ലതും ചീത്തയും ഇടകലർത്തി ഒരു പുസ്തകം നായികയും എഴുതി. ചൂടപ്പംപോലെ വിറ്റഴിക്കപ്പെടാൻ സാദ്ധ്യതയുള്ള ഗ്രന്ഥത്തിലെ ഉള്ളടക്കത്തിന്റെ ഏതാനും ഭാഗങ്ങൾ പുറത്തു വന്നതോടെ ചില കോണുകളിലൊക്കെ കിടുങ്ങലുകൾ തുടങ്ങി. ഈ സങ്കടപ്പനിയിൽ ചിലരെങ്കിലും വിറച്ചു നിൽക്കുമ്പോഴാണ് ചാനൽ അഭിമുഖത്തിന് നായിക എത്തുന്നത്. പലകോണുകളിലായി പലരും ടി.വിക്ക് മുന്നിൽ ശ്വാസമടക്കിപ്പിടിച്ചിരിപ്പായി. നായികയുടെ നാവിൻ തുമ്പിൽനിന്ന് മണിമുത്തുകൾ പോലെ വാക്കുകൾ പൊഴിഞ്ഞുവീണു തുടങ്ങി. കാര്യങ്ങൾ ഒന്നൊന്നായി പറഞ്ഞു വന്നപ്പോഴാണ് കടകംപിടിക്കുന്ന സാത്വികനും ശ്രീരാമ മഹാവതാരവും കിഫ്ബിക്കുട്ടനുമൊക്കെ കഥയിലേക്ക് എത്തുന്നത്. സുന്ദരകളേബര മുഖശ്രീയും ഔന്നത്യവും ഉള്ളവരും സർവോപരി ആദർശതീർത്ഥത്തിൽ കുത്തിമറിഞ്ഞു ജനങ്ങളെ അമ്പരപ്പിക്കുകയും ചെയ്ത ത്രിമൂർത്തികൾ നായികയുടെ അഭിമുഖത്തിൽ കളം നിറഞ്ഞാടാൻ തുടങ്ങി. അതോടെയാണ് ജനങ്ങൾക്ക് ഒരു കാര്യം ബോദ്ധ്യമായത്, 'ഈ രാഷ്ട്രീയക്കുപ്പായത്തിനുള്ളിൽ ഒരു കാമുകനുണ്ട്, പരിസ്ഥിതിസ്നേഹിയായ കാമദേവനുണ്ട്, റെമി മാർട്ടിൻ മാത്രം കഴിക്കുന്ന പരിശുദ്ധാത്മാവുമുണ്ട്. '

നായികയുടെ വെളിപ്പെടുത്തലുകൾ അല്ലറ ചില്ലറയല്ല. 'സഭാ നാഥ'നെയാണ് ആദ്യം ചുഴറ്റിയത്. ഇരിക്കുന്നത് കൊമ്പത്താണെങ്കിലും മനസ് കോളേജിലാണ്. പ്രാസമൊപ്പിച്ച് പ്രണയലേഖനങ്ങൾ വാട്ട്സ് ആപ്പിലൂടെ തള്ളാൻ മിടുക്കൻ. വാക്കിലും നോക്കിലും പ്രണയം കവിഞ്ഞൊഴുകും. വീട്ടിലേക്ക് (ഔദ്യോഗിക വസതിയെന്നും പറയാം)ചെന്നാൽ തീർത്തും ഭക്തിസാന്ദ്രം. പഴയകാല ഹരികഥാ കലാകാരന്മാരുപയോഗിച്ചിരുന്ന 'ചപ്ളാക്കൊട്ട'യുടെ പശ്ചാത്തലത്തിൽ എവിടെയും മുഴങ്ങിക്കേൾക്കാം 'ശ്രീരാമരാമജയ, ശ്രീരാമരാമജയ' എന്ന പ്രാർത്ഥന. പുറമെ ഗൗരവക്കാരനെങ്കിലും ആളൊരു തൊട്ടാവാടിയാണ്. നായികയോട് അദ്ദേഹത്തിന് ഒറ്റ അഭ്യർത്ഥനയെ ഉള്ളൂ, 'ഒറ്റയ്‌ക്കൊന്ന് 'വീട്ടിലേക്ക് ചെല്ലണം. പച്ചയും ചുവപ്പും നിറങ്ങളിലുള്ള ടീഷർട്ടും പുള്ളി കൈലിമുണ്ടും ധരിച്ച് മനപായസമുണ്ട് ഒറ്റക്കാലിൽ ധ്യാനനിമഗ്നനായി എത്രയോ ദിവസം അദ്ദേഹം കാത്തിരുന്നു. നായിക വരും, പക്ഷെ വരുമ്പോഴെല്ലാം ഒന്നുരണ്ട് ആൾക്കാരും ഒപ്പമുണ്ടാവും. സഭാനാഥൻ വെറുതെ തപസ് നിന്നത് മിച്ചം.

നായികയുടെ വെളിപ്പെടുത്തൽ വന്നതോടെ സഭാനാഥൻ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു കുറിമാനമിട്ടു. നായിക പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നും താൻ സകുടുംബം മാനംമര്യാദയായി ജീവിക്കുകയാണെന്നുമുള്ള സത്യവാംങ്മൂലമായിരുന്നു അത്. 'മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണ' പോലെയായി കാര്യങ്ങൾ. മനോദുഃഖം അടക്കാനാവാതെ നീറിയിരുന്ന നായികയ്ക്ക് സഭാനാഥന്റെ കുറിപ്പു കണ്ടപ്പോൾ കലിയിളകി. ആലസ്യഭാവത്തിൽ , പട്ടുമെത്തയിൽ ശയിക്കുന്ന സഭാനാഥന്റെ ഈസ്റ്ര് മാൻ കളർ ചിത്രം സഹിതം നായിക മറുപോസ്റ്റിട്ടു. വേണമെങ്കിൽ അരമണിക്കൂർ മുമ്പേ പുറപ്പെടാമെന്ന മട്ടിൽ ഒരു ഭീഷണിയും. ഇതുകൊണ്ട് അടങ്ങിയില്ലെങ്കിൽ അടുത്ത പണി തരാമെന്നതാണ് കുറിപ്പിന്റെ പച്ച മലയാളത്തിലുള്ള വ്യാഖ്യാനം. അതോടെ സഭാനാഥൻ ഫ്ളാറ്റ്. ഗുരുവിന്റെ കുഴിമാടത്തിൽ ഒരുപിടി പച്ചമണ്ണിട്ട് പ്രവാസജീവിതം തുടരാനാവുമോ എന്നാണ് നാഥന്റെ ഇപ്പോഴത്തെ ചിന്തകൾ.

ആതിഥ്യമര്യാദയ്ക്ക് ഏറെ പേരുകേട്ട ഒരു മാന്യനെയാണ് നായിക പിന്നീട് ചുഴറ്റിയത്. അദ്ദേഹം ആരെയും വെറുപ്പിക്കില്ല, ഏകലവ്യനിലെ നരേന്ദ്രപ്രസാദിനെപ്പോലെ താടി തടവി തന്നെ സമീപിക്കുന്ന ആരുടെയും ക്ഷേമാന്വേഷണം നടത്തുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. 'അതിഥി ദേവോ ഭവഃ ' മുത്തേ, പൊന്നേ... ചക്കരേ... കുട്ടാ... എന്നൊക്കെ അദ്ദേഹം സംബോധന ചെയ്യുമ്പോൾ തെറ്റിദ്ധരിക്കരുത്, വാത്സല്യത്തിന്റെ പ്രതിഫലനമാണ് അത്. തന്നെ കാണാനെത്തുന്ന വ്യക്തിയോട് മഴയുണ്ടെങ്കിൽ റെയിൻകോട്ട് കരുതണമെന്ന് പറയാനും അദ്ദേഹം മറക്കാറില്ല. ഫോൺ ഇൻ പ്രോഗ്രാം ഏറ്റവും സമർത്ഥമായി നടത്താൻ കഴിയുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നാണ് നായികയുടെ സാക്ഷ്യപത്രം. അലക്കിത്തേച്ച വസ്ത്രവും അച്ചടിഭാഷയും മുഖമുദ്ര‌യായിട്ടുള്ള ഈ പച്ചമനുഷ്യനെയാണ് നായിക നിർദ്ദാക്ഷിണ്യം ചുഴറ്റിയത്. പക്ഷേ അദ്ദേഹത്തിന് ഇതിലൊന്നും പരിഭവമില്ല, രണ്ട് മൂന്ന് വർഷം ഏറെ യാതനകൾ അനുഭവിച്ച കഥാനായികയോട് സഹതാപം മാത്രം. പക്ഷേ ആ മനസ് കാണാൻ ആർക്കും ആവുന്നില്ല.

ഫാബ് ഇന്ത്യയുടെ കുർത്തയ്ക്കുള്ളിൽ ശാന്തനും സരസ ഗംഭീരനുമായി കാലംകഴിച്ചുവന്ന കണക്ക് ചെമ്പകരാമനെയാണ് നായിക മൂന്നാമത് ചുഴറ്റിയത്. ആളൊരു സാത്വികൻ. എല്ലാ വിഷയങ്ങളും ആരെയെങ്കിലുമൊക്കെ പഠിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗർബല്യം. കിഫ്ബിക്കുട്ടനെന്നൊക്കെ ആൾക്കാർ അദ്ദേഹത്തെ പരിഹസിക്കുന്നത് അസൂയകൊണ്ടാണ്. യാദൃച്ഛികമായാണ് അദ്ദേഹത്തെ നായിക കണ്ടുമുട്ടുന്നത്. തന്റെ പൂർവ കർമ്മമണ്ഡലമായ ആലപ്പുഴയിലെ നെഹ്രുട്രോഫി വള്ളംകളി കാണാൻ അദ്ദേഹം നിഷ്കളങ്കമായി ക്ഷണിച്ചാൽ അതു തെറ്റാവുമോ?. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ, മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ പ്രസിദ്ധമാണ്. വിവാദമായ ആ മേഖലകൾ നേരിൽ കണ്ടെങ്കിലല്ലേ വലിയൊരു ചരിത്രസംഭവത്തിന്റെ ഗൗരവം ബോദ്ധ്യമാവൂ. സൗന്ദര്യം തുളുമ്പി നിൽക്കുന്ന മൂന്നാറിലേക്ക്, 'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം' എന്ന പാട്ടുമൂളി അദ്ദേഹം ക്ഷണിച്ചാൽ അതിലെന്താണ് തെറ്റ്. പക്ഷെ തനിക്കെതിരെ ആരോപണമുന്നയിച്ച നായികയോട് അദ്ദേഹം മാന്യമായി പ്രതികരിച്ചു. 'യാത്രാസൗകര്യവും താമസസൗകര്യവുമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോ' എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായയുക്തമായ ചോദ്യം.

ഇതുകൂടി കേൾക്കണേ

മേൽ വിവരിച്ച കഥയിലെ കഥാപാത്രങ്ങൾക്ക് നിലവിൽ ജീവനോടിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമല്ലെന്ന് ആരും ധരിക്കരുത്.