 ഋഷിയുടെ വരവിൽ പ്രതീക്ഷയേറെ  മുഖ്യമന്ത്രിയുടെ സന്ദർശനവും ഫലം കണ്ടേക്കും

തിരുവനന്തപുരം: ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിന് അനുകൂല നിലപാടുള്ള ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതോടെ പ്രതീക്ഷകൾക്ക് തിളക്കം. മലയാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നേടിയെടുക്കാനുൾപ്പെടെ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബ്രിട്ടൺ സന്ദർശനം ഫലപ്രാപ്തിയിലെത്തുമെന്നും പ്രതീക്ഷ.

ഏതാനും വർഷങ്ങളായി ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാരകരാറിന് ശ്രമിക്കുകയാണ് ഇന്ത്യ. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ യാഥാർത്ഥ്യത്തിലേക്ക് അടുത്തിരുന്നു. പിന്നീടുണ്ടായ രാഷ്ട്രീയമാറ്റങ്ങൾ തിരിച്ചടിയായി. കരാറിനോട് അനുകൂല നിലപാടുള്ള ഋഷി സുനക് അത് യാഥാർത്ഥ്യമാക്കിയാൽ ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. ബ്രിട്ടീഷ് ബിസിനസുകാർക്ക് ഇന്ത്യയിലും കൂടുതൽ അവസരങ്ങൾ ലഭിക്കും.

ആരോഗ്യരംഗം, ചില്ലറ വിൽപ്പന, ഹോട്ടൽ, ഐ.ടി മേഖലകളിലാണ് മലയാളികൾ കൂടുതലും യു.കെയിൽ ജോലിതേടുന്നത്. ഉപരിപഠനത്തിന് വിദ്യാർത്ഥികൾക്കും താത്പര്യമേറെയാണ്.

ബ്രിട്ടൺ, ബ്രക്സിറ്റ് നടപ്പാക്കിയതോടെ കിഴക്കൻ യൂറോപ്പിൽ നിന്നുള്ള തൊഴിലാളികൾക്ക് അവസരങ്ങൾ നഷ്ടമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പരിഷ്കാരങ്ങൾമൂലം 2030ഒാടെ 88.20ലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് ബ്രിട്ടനിലെ നാഷണൽ എംപ്ളോയ്മെന്റിന്റെ സാദ്ധ്യതാ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ സാഹചര്യത്തിൽ കുടിയേറ്റ നിയമങ്ങൾ ബ്രിട്ടൺ കർശനമാക്കുമെന്നും അത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാൽ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകും സുനകിന്റെ ശ്രമം. കുടിയേറ്റ നിയമങ്ങളിലടക്കം ഇളവുകളും പ്രതീക്ഷിക്കുന്നു.

ബ്രിട്ടണിൽ മലയാളികൾ

ആരോഗ്യമേഖലയിൽ മാത്രം 25000ത്തോളം മലയാളികൾ ബ്രിട്ടനിൽ ജോലി ചെയ്യുന്നു. മൂന്നുവർഷത്തിനുള്ളിൽ ഈ മേഖലയിൽ 42000ത്തോളം തൊഴിൽ ലഭ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി ഒപ്പിട്ട കരാറുകൾ

യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസ് മേഖലയിൽ റിക്രൂട്ട്മെന്റുകൾ നടത്തുന്ന ദ നാവിഗോ ആൻഡ് ഹംബർ, നോർത്ത് യോർക്ക്ഷേർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പ് തുടങ്ങിയവയുമായി ചില കരാറുകൾ

ഇൗ വർഷം 3000 പേർക്ക് ആരോഗ്യമേഖലയിൽ അവസരം ലഭ്യമാക്കും

തൊഴിലന്വേഷകർക്കായി നവംബറിൽ ബ്രിട്ടനിൽ എംപ്ളോയ്മെന്റ് ഫെസ്റ്റ്