
സർക്കാർ ഓഫീസുകളിൽ കൈക്കൂലിക്കുള്ള വാതിലുകൾ ഇപ്പോഴും തുറന്നുകിടക്കുകയാണ്. സേവനാവകാശത്തെക്കുറിച്ച് വേണ്ടത്ര പിടിപാടില്ലാത്ത സാധാരണക്കാരാണ് പലപ്പോഴും ഈ വാതിൽ കടന്ന് എത്താറുള്ളത്. സർക്കാർ ഓഫീസിൽ നിന്നുള്ള ഏതു സേവനത്തിനും കൈമടക്കു കൊടുക്കേണ്ടിവരുമെന്ന പൊതുധാരണ സമൂഹത്തിലുണ്ട്. സൗജന്യമായി ലഭിക്കേണ്ട സേവനത്തിന് കൈക്കൂലിയോ അതല്ലെങ്കിൽ സ്വാധീനമുള്ളവരുടെ ശുപാർശയോ അവശ്യം കൂടിയേതീരൂ എന്ന് കരുതുന്നവരാണ് ഏറെയും.
തൃശൂർ ജില്ലയിലെ കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ളർക്ക് ചന്ദ്രൻ കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങവെ വിജിലൻസ് പിടിയിലായത് വില്ലേജ് ഓഫീസുകളിൽ പലപ്പോഴും നടക്കാറുള്ള കൈക്കൂലി കേസുകളിൽ ഒന്നു മാത്രമാണ്. സ്ഥിരം വില്ലേജ് ഓഫീസർ അവധിയിൽ പോയതിനാൽ ചാർജ് വഹിക്കാൻ ലഭിച്ച അവസരം 'പ്രയോജനപ്പെടുത്താൻ' ശ്രമിച്ചതാണ് ഈ ഉദ്യോഗസ്ഥന് വിനയായത്. പുരയിടത്തിലെ തേക്കുമരം മുറിക്കാൻ സർക്കാർ അനുവാദമുള്ളതാണ്. കമറുദ്ദീൻ എന്നയാൾ ഇതിന്റെ അനുമതിതേടി വില്ലേജ് ഓഫീസറെ സമീപിച്ചതാണ് പ്രശ്നമായത്. അനുമതി നൽകാൻ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കമറുദ്ദീൻ വിജിലൻസിൽ മൊഴി നൽകിയത്. തേക്കുമുറിക്കാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന കാര്യം അറിയാതെ പോയതുകൊണ്ടു സംഭവിച്ച ഏടാകൂടമാണിത്. എന്തായാലും കിട്ടിയ അവസരം വില്ലേജ് ഓഫീസറുടെ ചുമതല വഹിക്കുന്ന സീനിയർ ക്ളർക്ക് പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യഥാർത്ഥ ഓഫീസർ വന്നു വീണ്ടും ചാർജെടുക്കുന്നതിന് തൊട്ടുമുൻപ് അനുമതിപത്രം ഒപ്പിട്ടു നൽകാനായിരുന്നു ശ്രമം. ആദ്യം പതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശലിനൊടുവിൽ സംഖ്യ രണ്ടായിരമായി ഉറപ്പിച്ചു. വിജിലൻസിനെ അറിയിച്ച് രണ്ടായിരം രൂപ കൈമാറുന്നതിനിടയിലാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്. നോട്ടിൽ രാസവസ്തു പുരട്ടിയിട്ടുണ്ടെങ്കിൽ തെളിവില്ലാതാക്കാൻ കൈയിൽ ഗ്ളൗസ് ധരിച്ചാണത്രെ അയാൾ കൈക്കൂലിപ്പണം കൈപ്പറ്റിയത്. എന്നാൽ സമീപത്തുതന്നെ ഒളിഞ്ഞുനിന്ന വിജിലൻസുകാർ അയാളെ കൈയോടെ പിടികൂടുകയായിരുന്നു.
രണ്ടു കാര്യങ്ങളാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. ഒന്ന് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള സാധാരണക്കാരുടെ അജ്ഞത. പറമ്പിൽ വളർന്നുനിൽക്കുന്ന തേക്കുമരം മുറിക്കുന്നത് കുറച്ചുകാലം മുൻപുവരെ ശിക്ഷാർഹമായ കുറ്റമായിരുന്നു. ഇപ്പോൾ ആ നിയമം മാറ്റിയെഴുതി. പലർക്കും അത് അറിയില്ല. അതുകൊണ്ടാണ് കമറുദ്ദീൻ അനുമതിതേടി വില്ലേജ് ഓഫീസിൽ കയറേണ്ടിവന്നത്. ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് പല നിയമങ്ങൾക്കും സർക്കാർ ഇടയ്ക്കിടെ ഭേദഗതികൾ വരുത്താറുണ്ട്. നിയമസഭയിൽ അവതരിപ്പിച്ചാണു ഏതു നിയമവും പാസാക്കുന്നത്. എന്നാൽ വേണ്ടത്ര ചർച്ചകളൊന്നും നടക്കാത്തതിനാൽ പൊതുസമൂഹം പല നിയമ ഭേദഗതികളെക്കുറിച്ചും അറിയാറില്ല എന്നതാണു വാസ്തവം. ഇതൊക്കെ സേവനം തേടി എത്തുന്നവരെ പറഞ്ഞു മനസിലാക്കേണ്ട ഭരണവർഗമാകട്ടെ ശത്രുക്കളോടെന്ന പോലെയാകും സാധാരണക്കാരോട് പെരുമാറുക. സർക്കാർ ഓഫീസുകളിൽ ധൈര്യത്തോടെ കടന്നുചെന്ന് ആവശ്യം ബോധിപ്പിക്കാൻ എത്രപേർ തയ്യാറാകും. അപ്രകാരം ഒരാൾ കടന്നുചെന്നെന്നിരിക്കട്ടെ. എത്ര ഉദ്യോഗസ്ഥർക്ക് അത് ഇഷ്ടമാകും. ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടു ബാക്കി കാര്യം എന്നാകും ചിന്ത. സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ ദാസന്മാരായില്ലെങ്കിലും സേവനം തേടി എത്തുന്നവരോട് ലേശം കരുണ കാട്ടാനുള്ള ഹൃദയവിശാലത ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഭരണകർത്താക്കൾ തുടർച്ചയായി ഇതൊക്കെ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കാറുണ്ട്. സേവനം തേടി എത്തുന്നവരുടെ മുമ്പിൽ ഉദ്യോഗസ്ഥർ കൈനീട്ടരുതെന്ന് മുഖ്യമന്ത്രി കൂടക്കൂടെ പറയാറുണ്ട്. കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയാലും കഠിനശിക്ഷയൊന്നും നേരിടേണ്ടിവരില്ലെന്ന് ബോധമുള്ളതിനാലാണ് ഈ ശാപം ഇപ്പോഴും നിലനിൽക്കുന്നത്.