1

തിരുവനന്തപുരം: തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥയിൽ നിൽക്കുന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ജീപ്പ് പൊട്ടിപ്പൊളിഞ്ഞ് പാർട്സുകൾ ഇളകി വീഴാറായ നിലയിൽ.തീരദേശ മേഖലയായതിനാൽ ഉപ്പ് കാറ്റേക്കുന്നത് മൂലം വാഹനങ്ങൾ പെട്ടെന്ന് നശിക്കുന്നു.യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് ജീപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് പറയുന്നത്.75 ഓളം പൊലീസുകാരുള്ള വിഴിഞ്ഞം സ്റ്റേഷനിൽ 3 ജീപ്പുകളാണ് നിലവിലുള്ളത്. അതിൽ 10 വർഷത്തോളം പഴക്കമുള്ള ഒരെണ്ണമാണ് തുരുമ്പ് കയറി നശിച്ചിരിക്കുന്നത്. തുരുമ്പിച്ച് വീഴാറായ വാഹന ഭാഗങ്ങൾ കയറ് കൊണ്ട് കെട്ടിവച്ചിരിക്കുകയാണിപ്പോൾ. മറ്റൊരു ജീപ്പിന്റെ പാർട്സ് സംഘടിപ്പിച്ച് അറ്റകുറ്റപ്പണി നടത്തി ഓടിക്കുന്ന ഈ ജീപ്പിന്റെ പല ഭാഗങ്ങളും ഏത് നിമിഷവും അടർന്ന് വീഴാവുന്ന നിലയിലാണ്. 7 മാസം മുൻപ് പുതിയ ജീപ്പാവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് കത്ത് നൽകിയെങ്കിലും അതിൽ നടപടിയൊന്നുമുണ്ടായിട്ടില്ല. സീറ്റ് കവറുകളെല്ലാം കീറി നശിച്ച സീറ്റിൽ ന്യൂസ് പേപ്പർ വിരിച്ചാണ് പൊലീസ് ഇരിക്കുന്നത്. പട്രോളിംഗിനിടെ നിരവധി തവണ വാഹനം വഴിയിൽ നിന്ന് തള്ളേണ്ട ഗതികേടുണ്ടായിട്ടുണ്ടെന്നും പൊലീസുകാർ പറയുന്നു. രണ്ട് ഇരുചക്ര വാഹനങ്ങൾ അനുവദിച്ചതിൽ രണ്ടും കട്ടപ്പുറത്തായതിനാൽ അതിൽ ഒരെണ്ണം തിരികെ നൽകിയിരുന്നു. പകരം പുതുതായി ഒരു ഇരുചക്രവാഹനം ഏതാനും ദിവസം മുൻപ് അനുവദിച്ചു. വിഴിഞ്ഞത്തിനു പുറമെ തിരുവല്ലം, വലിയതുറ, പൂന്തുറ തുടങ്ങിയ തീരദേശ പൊലീസ് സ്റ്റേഷനുകളിലും ജീപ്പുകൾക്ക് ഇതേ അവസ്ഥയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. ജീപ്പുകൾ ആവശ്യത്തിനില്ലെങ്കിലും സ്റ്റേഷനുകൾക്ക് അനുവദിച്ച എ.സി ജീപ്പുകളാണ് ഹൈവേ പട്രോളിംഗിന്റെ പേരിൽ തലങ്ങും വിലങ്ങുമിന്ന് ഓടുന്നത്.