വിഴിഞ്ഞം: തക്ബീർ ധ്വനികൾ മുഴങ്ങിയ അന്തരീക്ഷത്തിൽ തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഡോ.എച്ച്. എ റഹ്മാൻ പതാക ഉയർത്തിയതോടെ
വിഴിഞ്ഞം മുഹിയ്യിദ്ദീൻ പള്ളിയിൽ ഉറൂസിന് കാെടിയേറി. ഇന്നലെ വൈകിട്ട് 4ന് തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൗലവി അബ്ദുൽ സത്താർ ബാഖവിയുടെ നേതൃത്വത്തിൽ നടന്ന ദുആയ്‌ക്ക് ശേഷം വിവിധ മതസ്ഥർ പങ്കെടുത്ത ഭക്തിസാന്ദ്രമായ ഘോഷയാത്ര നടന്നു. തെക്കുംഭാഗം ജമാഅത്ത് പ്രസിഡന്റ് ഡോ.എച്ച് എ. റഹ്‌മാൻ, സെക്രട്ടറി യു. സുധീർ, മറ്റ് ഭാരവാഹികൾ, മദ്റസ മാനേജ്മെന്റ് ഭാരവാഹികൾ, ഇമാമുമാർ, മദ്റസ അദ്ധ്യാപകർ തുടങ്ങിയവർ ഘോഷയാത്രയ്‌ക്ക് നേതൃത്വം നൽകി.
കൊടിയേറ്റിന് ശേഷം നടന്ന സമൂഹ പ്രാർത്ഥനയ്‌ക്ക് കെ.പി. അബൂബക്കർ ഹസ്റത്ത് നേതൃത്വം നൽകി. രാത്രി 9.30ന് മൗലവി യഹ്‌യാ ബാഖവി പുഴക്കര മതപ്രഭാഷണം നടത്തി. രാത്രി 12.30ന് ഇശൽ മീഡിയ മലപ്പുറം അവതരിപ്പിച്ച മദീന നിലാവ് അരങ്ങേറി. ഇന്ന് രാത്രി 9.30ന് ഷമീർ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും. നവംബർ 5വരെ എല്ലാ ദിവസവും രാത്രി മതപ്രഭാഷണം, മുനാജാത്ത്, മൗലിദ് പാരായണം എന്നിവയുണ്ടാകും. നവംബർ 4ന് വൈകിട്ട് 6.30ന് മാനവ മൈത്രി സംഗമം നടക്കും. മന്ത്രിമാർ, എം.പി, എം.എൽ.എ, മേയർ തുടങ്ങിയ ജനപ്രതിനിധികളും മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
നവംബർ 5ന് രാവിലെ 9 മുതൽ ചന്ദനക്കുട പരിപാടികൾ, രാത്രി 7.30ന് സിറാജുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദഫ് പ്രോഗ്രാം, രാത്രി 9.30ന് മതപ്രഭാഷണം, പുലർച്ചെ ഒന്നിന് കേരള ഫോക് ലോർ അക്കാഡമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ്‌രാവ് എന്നിവ നടക്കും. 6ന് പുലർച്ചെ 3.30ന് പട്ടണ പ്രദക്ഷിണം. തുടർന്ന് 5.30ന് മൗലിദ് പാരായണത്തിനും സമൂഹ പ്രാർത്ഥനയ്‌ക്കും ശേഷം അന്നദാനത്തോടെ ഉറൂസ് സമാപിക്കും.