തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ 47ാം ചരമവാർഷികാചരണം ഇന്ന് നടക്കുമ്പോൾ തലസ്ഥാനത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥിതിചെയ്യുന്ന മാനവീയം വീഥി അവഗണനയിൽ. മ്യൂസിയം-വെള്ളയമ്പലം റോഡിലുള്ള വയലാർ രാമവർമ്മയുടെ പ്രതിമ മുതൽ ആൽത്തറ ജംഗ്ഷനിലുള്ള ജി. ദേവരാജന്റെയും പി. ഭാസ്‌കരന്റെയും പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം വരെയാണ് മാനവീയം വീഥി. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വീഥി സാംസ്‌കാരിക ഇടനാഴിയാക്കാനുള്ള ജോലികൾ എങ്ങുമെത്താതെ കിടക്കുന്നത് അനാദരവാണെന്നാണ് സാംസ്‌കാരിക പ്രവർത്തകർ പറയുന്നത്.
2019ൽ വി.കെ.പ്രശാന്ത് മേയറായിരിക്കെയാണ് സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മാനവീയം വീഥി സാംസ്‌കാരിക ഇടനാഴിയാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. വഴിയോര വായനശാലകൾ,ഫീഡിംഗ് റൂം,ടോയ്ലെറ്റുകൾ,ആർട്ട് ഗാലറി എന്നിവ സജ്ജീകരിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഇവിടെ ഡോം നിർമ്മിച്ച് വിദേശ രാജ്യങ്ങളിലുള്ള സ്ട്രീറ്റ് കൾച്ചർ കൊണ്ടുവരാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തുടങ്ങിയ പദ്ധതികൾ പൂർത്തിയാകാത്തതിനൊപ്പം റോഡ് താറുമാറായി അപകടങ്ങൾ പതിവാകുകയും ചെയ്യുന്നുണ്ട്.
വഴുതക്കാട് നിന്ന് വരുന്നവർക്ക് വെള്ളയമ്പലം വഴി കറങ്ങിപ്പോകാതെ പാളയം, മ്യൂസിയം ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. സാംസ്‌കാരിക ഒത്തുകൂടലുകൾക്കായി റോഡ് വീതികുറച്ച് ഒരു വശത്ത് ടൈൽസ് ഇട്ടിരുന്നു. എന്നാൽ മ്യൂസിയത്തും കനകക്കുന്നിലുമെത്തുന്നവരുടെ വാഹനങ്ങളും ടൂറിസ്റ്റ് ബസുകളും ഇരുചക്രവാഹനങ്ങളും ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. വാഹനങ്ങളുടെ ഭാരം മൂലം ഉദ്ഘാടനത്തിന് മുമ്പ് ടൈൽസുകൾ പൊട്ടിപ്പൊളിഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കൊപ്പം ഇടയ്‌ക്ക് തെരുവ് വിളക്കുകൾ കത്താത്തതും ദുരിതം ഇരട്ടിയാക്കുന്നു. പരിപാടികൾക്കായി നിർമ്മിച്ച ഷെഡുകളും ഉപയോഗപ്പെടുന്നില്ല. സാംസ്‌കാരിക ഇടനാഴിയാക്കുന്നതിനായി തണൽ നൽകിയിരുന്ന മരങ്ങളും മുറിച്ചുമാറ്റി. ആയിരക്കണക്കിന് പേർ വരുന്ന വഴിയിൽ ഒരു ചവറ്റുകുട്ടയോ ടോയ്ലെറ്റോ സജ്ജമാക്കിയിട്ടില്ല. പാട്ടുസംഘങ്ങളിൽ പങ്കെടുത്തിരുന്ന ആളുകൾ കഫേകളിലോട്ടും മറ്റും ചേക്കേറിത്തുടങ്ങി.
സാംസ്‌കാരികതയുടെ
മുഖമുദ്ര
2001ൽ ഡി. രഘൂത്തമന്റെ നേതൃത്വത്തിലുള്ള ' അഭിനയ ' എന്ന സംഘമാണ് വീഥിയിലെ കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 20 വർഷത്തോളമായി പലതരത്തിലുള്ള പ്രതിഷേധങ്ങൾക്കും വീഥി സാക്ഷ്യം വഹിച്ചു. വീഥിയിലെ ഓരോ ചുമർചിത്രങ്ങൾക്ക് പിന്നിലും കഥകളുണ്ട്. കാവാലം നാരായണപ്പണിക്കരുടെ ' അവനവൻ കടമ്പ ' ഇവിടെ അവതരിപ്പിച്ചിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരി, സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, സക്കറിയ, നെടുമുടി വേണു തുടങ്ങിയ കലാകാരന്മാർ ഇവിടെ അണിചേർന്നിട്ടുണ്ട്. മാധവിക്കുട്ടിയുടെ ഓർമ്മയ്‌ക്കുള്ള മരം, ഒ.എൻ.വിക്ക് സുഗതകുമാരി നൽകിയ ആൽമരം, ചെമ്പകം എന്നിവയും ഇവിടെയുണ്ട് .