
വിഴിഞ്ഞം:കോവളം ഗ്രോവ് ബീച്ചിൽ ചിപ്പിയെടുക്കുന്നതിനിടെ അവശനായി കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ഇൻക്വസ്റ്റ് നടപടിക്ക് കോസ്റ്റൽ പൊലീസ് എത്താൻ 3 മണിക്കൂർ വൈകിയതിനെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 8 ഓടെയാണ് സംഭവം. കോവളം ആഴാകുളം പള്ളിത്തറ വീട്ടിൽ സന്തോഷ് കുമാർ (46) ആണ് മരിച്ചത്. ചിപ്പിയെടുത്ത ശേഷം തിരികെ കയറുമ്പോൾ അവശനായി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവർ ഉടൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഴിഞ്ഞം കോസ്റ്റൽ പൊലീസിൽ ഉടൻ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്താൻ 3 മണിക്കൂർ വൈകി. തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇൻക്വസ്റ്റിന് നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സന്ദർശനം പ്രമാണിച്ചാണ് എത്താൻ വൈകിയതെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. എന്നാൽ നടപടി വൈകിയില്ലെന്നും വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയെന്നും ഉന്നത ഉദ്യോഗസ്ഥന്റെ സന്ദർശനവുമായി ബന്ധമില്ലെന്നും വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. സന്തോഷ് കുമാറിന്റെ ഭാര്യ മിനി. മക്കൾ: അച്ചു, സച്ചു. കോസ്റ്റൽ പൊലീസ് കേസെടുത്തു.