നെയ്യാറ്റിൻകര: ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റശേഖരമംഗലം സ്വദേശിയും പെരുങ്കടവിള പെരുമ്പാലൂർക്കോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന സുകുവിനെയാണ് (57) ഇന്നലെ രാവിലെ പെരുങ്കടവിള ആശുപത്രിക്ക് സമീപം നിറുത്തിയിട്ടിരുന്ന ഓട്ടോയുടെ പിറകിലെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ സുകു രാത്രി വൈകിയും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹ സാഹചര്യങ്ങളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്നും മാരായമുട്ടം പൊലീസ് പറഞ്ഞു.