തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാൻ സർക്കാർ നിയമിച്ച സമിതിയുടെ റിപ്പോർട്ട് പൂഴ്ത്തിവയ്‌ക്കേണ്ട കാര്യമുണ്ടോയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റിപ്പോർട്ടിലെ പ്രായോഗിക പ്രശ്നങ്ങൾ ജീവനക്കാരുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും കാനം ആവശ്യപ്പെട്ടു. സി.പി.ഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സമരസമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി ചെയർമാൻ ഒ.കെ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗം സത്യൻ മൊകേരി, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ.ഷാനവാസ് ഖാൻ,സി.ആർ.ദാസ്, കെ.എസ്.സജികുമാർ, എസ്.സുനിൽകുമാർ, വിനോദ്, സുധികുമാർ, പി.ജി.അനന്തകൃഷ്ണൻ, പി.വി.ജോയി, ഹാരിസ്, കെ.എൻ.ഗോപാലകൃഷ്ണൻ, സി.ഉദയകല എന്നിവർ പങ്കെടുത്തു.