
തിരുവനന്തപുരം: ഗവർണർ പറഞ്ഞാലുടൻ മന്ത്രിയെ പിരിച്ചുവിടുമോയെന്നും അങ്ങനെ അദ്ദേഹത്തിന് അധികാരമുണ്ടെങ്കിൽ പുറത്താക്കട്ടെ, അപ്പോൾ നോക്കാമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരം നീക്കങ്ങളൊന്നും വലിയ പ്രശ്നവും പ്രതിസന്ധിയുമായി കാണുന്നില്ല. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. കത്തയയ്ക്കാനുള്ള പോസ്റ്റ് ഓഫീസ് ഉള്ളപ്പോ ആർക്കും കത്തയയ്ക്കാമല്ലോ എന്നും പരിഹസിച്ചു.
തന്റെ അധികാരങ്ങളെക്കുറിച്ച് ഗവർണർക്ക് ധാരണയില്ല. ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. ഗവർണർ ജനാധിപത്യത്തെയല്ല ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്. വി.സിമാരോട് രാജിവയ്ക്കാൻ ഗവർണർ സമയം നിശ്ചയിച്ചുനൽകിയിട്ട് ആരെങ്കിലും രാജിവച്ചോ, എന്തെങ്കിലും സംഭവിച്ചോ. ഒരു പക്ഷിപോലും പറന്നില്ല.
ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ആലോചനയുണ്ടോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ യൂണിവേഴ്സിറ്റി നിയമങ്ങൾ നിയമസഭ പാസാക്കിയതാണെന്നും സഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ അത് എങ്ങനെ വേണമെങ്കിലും സർക്കാരിന് ഭേദഗതി ചെയ്യാൻ അവകാശമുണ്ടെന്നും മറുപടി നൽകി. ഇക്കാര്യങ്ങൾ ആലോചിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കും.