p

തിരുവനന്തപുരം: മൂന്നു മാസത്തിനിടെ അരിവില 50 ശതമാനത്തിലേറെ വർദ്ധിച്ചു, പച്ചക്കറി വില കുതിക്കുന്നു, നിർമ്മാണ സാമഗ്രികളുടെ വിലയും റോക്കറ്റുപോലെ, അതിനിടെ അനുദിനം വർദ്ധിക്കുന്ന കൊലപാതകങ്ങൾ, പൊലീസിന്റെ കാടത്തം.. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളെയെല്ലാം അവഗണിച്ച് ഗവർണർ- സർക്കാർ പോരിന് പിന്നാലെയാണ് കുറച്ചുനാളായി രാഷ്ട്രീയ കേരളം. വിവാദങ്ങളിൽ പിടിച്ച് ഭരണനേതൃത്വവും പ്രതിപക്ഷവും കത്തിക്കയറുമ്പോൾ ജനജീവിതം ദുസഹമാകുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപം.

പൊതുവിപണിയിൽ കിലോഗ്രാമിന് 40 രൂപയ്ക്ക് താഴെയുണ്ടായിരുന്ന ജയ അരി ഉൾപ്പെടെയുള്ളവയുടെ വില ചില്ലറ വിപണിയിൽ അറുപതിലെത്തി. കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലയും കുതിച്ചുകയറുന്നു. കർഷകരെ കരയിച്ച് നെല്ല് സംഭരണം ഇത്തവണയും വൈകി. പക്ഷിപ്പനി ഭീഷണി വീണ്ടുമെത്തി. ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കേണ്ടിവന്നു. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം ഇതുവരെ പൂർണമായും വിതരണം ചെയ്തിട്ടില്ല. തെരുവുനായ ആക്രമണം രൂക്ഷമായി തുടരുമ്പോഴും പരിഹരിക്കാൻ കാര്യമായ ശ്രമമില്ല.

എന്നാൽ, രാഷ്ട്രീയ വിവാദങ്ങൾക്ക് ഒരു പഞ്ഞവുമില്ല. ഒന്നിനുപിറകെ ഒന്ന് എന്നനിലയിൽ ദിവസവുമുണ്ട് വിവാദങ്ങൾ. വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയത്തിൽ പ്രതിപക്ഷ സംഘടനകളിൽ നിന്നുൾപ്പെടെ കാര്യമായ പ്രതിഷേധം ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മിക്ക രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ വിവാദങ്ങൾക്ക് പിന്നാലെയാണ്.

അരി വില വർദ്ധന

(മൊത്ത വിപണി)

ജയ ഫസ്റ്റ് ക്വാളിറ്റി - ₹ 58 (3മാസം മുമ്പ് 38)

മട്ട വടി അരി - ₹ 57 (3മാസം മുമ്പ് 37)

കെട്ടിട നർമ്മാണ സാമഗ്രികൾ

(മൂന്നു മാസം മുമ്പ്, ഇപ്പോൾ)

കമ്പി (കിലോയ്ക്ക്): 64 - 88-90 രൂപ

സിമന്റ്: 380- 440-450

എം സാൻഡ്: 24,000- 33,000

ചുടുകല്ല് (ലോഡിന്): 17,000- 22,000

ചല്ലി (ലോഡിന്): 31,000- 36,000

കുറ്റകൃത്യങ്ങൾ

ഈ വർഷം (സെപ്തം.വരെ)

കൊലപാതകം - 215

കൊലപാതക ശ്രമം - 450

ബലാത്സംഗം- 1623

തട്ടികൊണ്ടു പോകൽ- 258

കവർച്ച- 4552