govindan

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചത് നിയമപരമായി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തുസംഭവിച്ചാലും ഗവർണർക്ക് കീഴടങ്ങില്ല. അദ്ദേഹത്തിന്റെ നീക്കങ്ങളെ പഴുതുകളില്ലാതെ പ്രതിരോധിക്കും. അതിനായി എല്ലാവഴികളും ആലോചിക്കും. യാതൊരുവിധ ഒത്തുതീർപ്പിനുമില്ല.

കൂട്ടുത്തരവാദിത്വത്തോടെയുള്ളതാണ് ഗവർണർക്കുണ്ടാകുന്ന പ്രീതി. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഭരണഘടനയിൽ പ്രീതിയെ സംബന്ധിച്ച് വിശദമാക്കുന്നത്. ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല. മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനം.

കുറച്ച് ആഴ്ചകളായി ഗവർണർ സ്വീകരിക്കുന്ന നിലപാടുകൾ ആർ.എസ്.എസിനും ബി.ജെ.പിക്കും എങ്ങനെ കേരളത്തിൽ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ സാധിക്കുമെന്ന് നോക്കുന്നതാണ്.

നവംബർ 15ന് നടത്തുന്ന രാജ്ഭവൻ മാർച്ചിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. ഒരു ലക്ഷത്തിലധികംപേരെ മാർച്ചിൽ അണിനിരത്തും.

ലീഗിന് പ്രശംസ

ഗവർണറുടെ നടപടിയെ തള്ളിപ്പറഞ്ഞ മുസ്ലിം ലീഗിനെ പ്രശംസിച്ചും കോൺഗ്രസിനെ വിമർശിച്ചും എം.വി.ഗോവിന്ദൻ. സർവകലാശാലകളേയും ഉന്നതവിദ്യാഭ്യാസ രംഗത്തേയും കാവിവത്കരിക്കാനുള്ള നീക്കത്തെ ലീഗ് ഒറ്റക്കെട്ടായി എതിർത്തിട്ടുണ്ട്. എന്നാൽ, ഇത്രയും ഗൗരവമായ പ്രശ്നമുണ്ടായിട്ട് അതിനെ നിസാര വത്കരിക്കുകയാണ് കോൺഗ്രസ്. നിസാരവത്കരണം ഒരു അടവാണ്. ഗവർണറുമായിട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച് കോൺഗ്രസിന്റെ ഒരു പ്രത്യേക ബന്ധത്തെയാണ് അത് സൂചിപ്പിക്കുന്നത്.