വക്കം: വക്കത്തെ വിവിധ ആശുപത്രികളിൽ ഒ.പി ടിക്കറ്റിന് ഏർപ്പെടുത്തിയ ഫീസുകൾ പിൻവലിക്കണമെന്നാവശ്യം ശക്തം. വക്കം ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി, വക്കം ഗവൺമെന്റ് ആയൂർവേദ ഡിസ്പെൻസറി, വക്കം റൂറൽ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണിപ്പോൾ ഒ.പി ടിക്കറ്റിന് ചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 5 രൂപ ഈടാക്കുന്നുണ്ട്. ഡിസംബർ ഒന്ന് മുതൽ റൂറൽ ഹെൽത്ത് സെന്ററിൽ നിരക്ക് ഇരട്ടിയാക്കാനാണ് നിർദ്ദേശം. അടിസ്ഥാന സൗകര്യമൊരുക്കാതെ സാധാരണക്കാരിൽ നിന്നും ഒ.പി ടിക്കറ്റിന് ചാർജ് ഈടാക്കരുതെന്നും ഈ നില തുടർന്നാൽ ആശുപത്രികൾക്ക് മുന്നിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സി.പി.ഐ വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ.അനിൽ ദത്ത് അറിയിച്ചു.