
■ദേശീയ ഐക്യത്തിന് എതിരെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ വിമർശനം
(കത്തിന്റെ പൂർണ്ണ രൂപം ചുവടെ:)
പ്രിയപ്പെട്ട മുഖ്യമന്ത്രി,
മന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രസംഗം, കഴിഞ്ഞ 19ലെ പത്രറിപ്പോർട്ടുകൾ
പ്രകാരം, ഗവർണറുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനും രാജ്ഭവന്റെ അന്തസ് ഇടിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. പ്രാദേശികവാദം, പ്രവിശ്യാവാദം തുടങ്ങിയ വികാരങ്ങൾ ആളിക്കത്തിക്കുന്നതുമായിരുന്നു. ബാലഗോപാൽ പറഞ്ഞത്- ''യു.പി പോലുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കാൻ പ്രയാസം. ബനാറസ് സർവകലാശാലയിൽ വൈസ്ചാൻസലറുടെ സെക്യൂരിറ്റി അഞ്ച് കുട്ടികളെ വെടി വച്ച് കൊന്നിരുന്നു. അന്ന് എം.പിയായിരുന്ന താൻ അവിടെ പോയിരുന്നു. വി.സിക്ക് അമ്പത് മുതൽ നൂറു വരെ സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. അവിടെ പല സർവകലാശാലകളിലും ഇതാണ് സ്ഥിതി.""
കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് ആപ്പുവയ്ക്കാനും, ഉന്നത വിദ്യാഭ്യാസരംഗത്ത് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത സംവിധാനങ്ങളാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാനുമാണ് ധനമന്ത്രി ശ്രമിച്ചത്. യു.ജി.സി ചട്ടങ്ങൾ പ്രകാരവും ധനസഹായത്തോടെയും പ്രവർത്തിക്കുന്നതാണ് എല്ലാ സംസ്ഥാനങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. കേരളത്തിനു പുറത്തു നിന്നുള്ളവർ ഇവിടെ വി.സിമാരായിട്ടുണ്ട്. സർവകലാശാലകളെ വിലയിരുത്തുന്ന നാക് സംഘത്തിൽ കേരളീയരല്ലാത്തവരുണ്ട്.
ധനമന്ത്രിയുടെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശീയ ഐക്യത്തിനും വിരുദ്ധമാണ്. ഗവർണർമാർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരായിരിക്കണമെന്ന ഭരണഘടനാ ചട്ടങ്ങൾക്കും വെല്ലുവിളിയാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കേന്ദ്ര സർവകലാശാലയാണ്. ഭരണനിയന്ത്രണം ഉത്തർപ്രദേശ് സർക്കാരിനല്ല. അവിടത്തെ കൂടുതൽ വൈസ്ചാൻസലർമാരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. ദേശീയ ഐക്യത്തിന് ശില പാകിയ, അദ്വൈത ദർശനം പ്രചരിപ്പിച്ച ശങ്കരാചാര്യർ കേരളത്തിലാണ് ജനിച്ചത്. ശ്രീനാരായണഗുരുദേവന്റെ വിപ്ലവകരമായ സന്ദേശങ്ങൾ കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ മനുഷ്യരുടെ അഭിമാനത്തിനും തുല്യതയ്ക്കും വേണ്ടി പൊരുതുന്നവർക്കെല്ലാം പ്രചോദനമാണ്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവിന്റെ പ്രഖ്യാപനം ഇന്നും മലയാളികളുടെ മനസിൽ മുഴങ്ങുന്നതും രാജ്യമാകെ മാറ്റൊലി കൊള്ളുന്നതുമാണ്.
ഇന്ത്യയിൽ നിന്ന് കേരളത്തെ വേർപെടുത്തി സ്വതന്ത്രരാജ്യമായി നിലനിറുത്തുമെന്ന് 1947ൽ പ്രഖ്യാപിച്ച തിരുവിതാംകൂർ ദിവാനുണ്ടായ വിധി, രാജ്യത്തിന്റെ ഐക്യത്തിൽ മലയാളികൾ എത്രത്തോളം വിശ്വസിച്ചിരുന്നെന്നതിന് തെളിവാണ്. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന അതിശക്തമായ മുദ്രാവാക്യമുയർത്തി മലയാളികളുടെ ദേശീയബോധത്തെയും രാജ്യസ്നേഹത്തെയും ഉത്തേജിപ്പിക്കുകയും, ദിവാന്റെ നീക്കത്തെ എതിർക്കുകയും ചെയ്ത ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലെയുള്ള മഹദ് വ്യക്തികളും ചരിത്രത്തിലുണ്ട്. അവരുടെ വാക്കുകളിലൂടെ രാജ്യത്തിന്റെ ആത്മാവാണ് സംസാരിച്ചത്.
ഏതെങ്കിലും സംസ്ഥാനത്തു നിന്നുള്ളവരെന്ന വേർതിരിവില്ലാതെ, മലയാളികൾ എല്ലാവരെയും സഹപൗരന്മാരായാണ് കാണുന്നത്.
മന്ത്രിമാരായ ആർ. ബിന്ദു, പി. രാജീവ് എന്നിവരും എന്നെ ആക്രമിച്ച് സംസാരിച്ചെങ്കിലും, അതെല്ലാം വ്യക്തിപരമായതിനാൽ അവഗണിക്കുകയാണ്. എന്നാൽ ധനമന്ത്രി ബാലഗോപാലിന്റെ രാജ്യദ്രോഹപരമായ പ്രസംഗം അവഗണിച്ചാലത് എന്റെ കർത്തവ്യനിർവഹണത്തിലെ വലിയ വീഴ്ചയായി മാറും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ബാലഗോപാലിനെ മന്ത്രിയായി നിയമിച്ചത്. തന്റെ പ്രസംഗത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയോട് എനിക്കുള്ള പ്രീതി തുടരാനാവില്ല. ഈ വിഷയം അർഹമായ ഗൗരവത്തോടെ പരിഗണിച്ച് ഭരണഘടനാപ്രകാരം ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-വിശ്വസ്തതയോടെ,
ആരിഫ് മുഹമ്മദ് ഖാൻ