
ഓയൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി വീരപ്പൻ രാഹുലിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഓടനാവട്ടം, തുറവൂർ രാഹുൽ ഭവനിൽ വീരപ്പൻ എന്ന് വിളിക്കുന്ന രാഹുലിനെ (26) യാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽ പീഡനം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, കൊലപാതക ശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളാണുള്ളത്. കരുനാഗപ്പള്ളിയിൽ വെച്ച് വിദ്യാർത്ഥിയെ ആളൊഴിഞ്ഞ പുരയിടത്തിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആ ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയകളിൽ കൂടി പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു.
രാഹുലിന്റെ ക്രിമിനൽ മെന്റാലിറ്റി മനസിലാക്കി കാപ്പാനിയമപ്രകാരം കരുതൽ തടങ്കലിനായി അറസ്റ്റ് ചെയ്യുന്നതിന് കളക്ടർ ഉത്തരവിറക്കി. രാഹുൽ നാട്ടിലെത്തിയിട്ടുള്ളതായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി.രവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ , സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷൈനു തോമസ് എന്നിവരുടെ നിർദ്ദേശപ്രകാരം പൂയപ്പള്ളി എസ്.എച്ച്.ഒ ബിജു എസ്. ടി, എസ്.ഐ. അഭിലാഷ്. എ.ആർ, സി.പി. ഒ.മാരായ മുരുകേശ് എസ്.കുമാർ , മധു, വിഷ്ണു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിനായി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കി.