
തിരുവനന്തപുരം: കുറഞ്ഞ ശമ്പളം 23,000 രൂപയും കൂടിയത് 1.66 ലക്ഷവുമാക്കിയുള്ള
വാട്ടർ അതോറിട്ടി ശമ്പളപരിഷ്‌കരണം നടപ്പാക്കി സർക്കാർ ഇന്നലെ ഉത്തരവിറക്കി. സർക്കാരിന് പ്രതിവർഷം 60 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകുമെന്നാണ് കണക്ക്.2019 മുതൽ മുൻകാല പ്രാബല്യമുണ്ട്.
കുടിശിക 4 തുല്യഗഡുക്കളായി പി.എഫിൽ ലയിപ്പിക്കും. ഇതോടൊപ്പം ഡി.എയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഏഴ് ശതമാനം വർദ്ധനവുമുണ്ട്. ഇതനുസരിച്ചുള്ള കുടിശികയും പണമായി നൽകാതെ പി.എഫിലേക്ക് മാറ്റും. മോഹൻദാസ് അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശകൾ അനുസരിച്ച് സംഘടനകളുമായി ചർച്ച നടത്തിയാണ് ഉത്തരവിറക്കിയത്. ശുപാർശയിൽ 23,500 മുതൽ 1.70 ലക്ഷം വരെയായിരുന്നു വർദ്ധന. 8700 ജീവനക്കാർക്ക് പരിഷ്‌കരണത്തിന്റെ പ്രയോജനം ലഭിക്കും. ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ്, എൻജിനീയറിംഗ്, മിനിസ്റ്റീരിയൽ, ടെക്നിക്കൽ, ഓപ്പറേറ്റിംഗ്, മിസലേനിയസ് എന്നീ 6 വിഭാഗങ്ങളായി തിരിച്ചാണ് പരിഷ്‌കരണം നടപ്പാക്കിയത്.
പ്രധാന ശമ്പള സ്‌കെയിലുകൾ (രൂപയിൽ)
എം.ഡി: 1,29,300 - 1,66,800
ചീഫ് എൻജിനിയർ: 1,18,100 - 1,63,400
ഡെപ്യൂട്ടിചീഫ് എൻജിനീയർ/സൂപ്രണ്ടിംഗ് എൻജിനീയർ: 1,12,800 - 1,60,000
എക്സിക്യുട്ടീവ് എൻജിനീയർ: 1,00, 300 - 1,53,200
അസി.എക്സിക്യുട്ടീവ് എൻജിനീയർ (ഹയർ ഡ്രേഡ്): 60,700 - 1,29,300
അസി.എക്സിക്യുട്ടീവ് എൻജിനീയർ/ടെക്‌നിക്കൽ അസിസ്റ്റന്റ്: 55,200 - 1,20,900
അസി.എൻജിനീയർ: 53,900 - 1,18,100
അക്കൗണ്ട്സ് ഓഫീസർ: 56,500 - 1,23,700
ജൂനിയർ സൂപ്രണ്ട്: 41,300-97,800
ഹെഡ് ക്ളർക്ക്: 38,300-93,400
യു.ഡി ക്ളർക്ക്: 34,700-85,000
എൽ.ഡി ക്ളർക്ക്: 27,200-73,600
മീറ്റർ ഇൻസ്‌പെക്ടർ: 36,500 - 89,000
മീറ്റർ റീഡർ: 25,800- 59,300
പ്യൂൺ: 23,000 - 52,600