
കാട്ടാക്കട: ഏഷ്യയിലെ ആദ്യ ലയൺ സഫാരി പാർക്ക് വിസ്മൃതിയിലേക്ക്. തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലാണ് ഏഷ്യയിലെ ആദ്യ ലയൺ സഫാരി പാർക്ക്. എന്നാലിപ്പോൾ സിംഹങ്ങളെല്ലാം ചത്തതോടെ പാർക്ക് പൂട്ടി. നെയ്യാർ വന്യജീവി സങ്കേതത്തിന്റെ അംഗീകാരം സെൻട്രൽ സൂ അതോറിട്ടി ഒഫ് ഇന്ത്യ റദ്ദാക്കിയതും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ അനുമതി ഇല്ലാതെയും ഇനി പാർക്ക് തുറക്കാനാകില്ലെന്ന സ്ഥിതിയിലാണ്. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പ് മന്ത്രിതന്നെ നിയമസഭയിൽ നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇനി കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ലയൺ സഫാരി പാർക്ക് ഓർമ്മകളിലായി മാറും.
സംസ്ഥാന സർക്കാർ ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും അന്തിമതീരുമാനം ലഭിച്ചിട്ടില്ല. ഇതോടെ നാട്ടുകാരും സഞ്ചാരികളും ആശങ്കപ്പെട്ടിരുന്ന കാര്യം സംഭവിച്ചിരിക്കുകയാണ്.
അഗസ്ത്യാർകൂട മലനിരകളും നെയ്യാറിലെ ജലാശയ ഓളപ്പരപ്പിലൂടെലുള്ള ബോട്ട് യാത്രകളും വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു. വാഹനത്തിനുള്ളലിൽ പാർക്കിലൂടെ സഞ്ചരിച്ച് പാർക്കിൽ വിഹരിക്കുന്ന സിംഹങ്ങളെ അടുത്തു കാണാനും അറിയാനും അവസരം കിട്ടുന്ന നെയ്യാർ സഫാരി പാർക്കായിരുന്നു പ്രധാന ആകർഷണം. ഇതു കാണാനും പ്രകൃതി ഭംഗി അടുത്ത് ആസ്വദിക്കാനുമായി തദ്ദേശിയരും വിദേശീയരുമായ ആയിരക്കണക്കിന് സഞ്ചാരികളാണ് നെയ്യാർഡാമിൽ വർഷംതോറും എത്തിയിരുന്നത്. എന്നാലിപ്പോൾ സഫാരി പാർക്കിൽ സിംഹങ്ങൾ ഇല്ലാതായതോടെ സഞ്ചാരികളും അടുത്ത കാലത്തായി നെയ്യാർഡാമിനെ കൈവിട്ട നിലയിലാണ്.
ശനിദശയായി വന്ധ്യംകരണം
18 സിംഹങ്ങളോളം ഉണ്ടായിരുന്ന പാർക്കിൽ വന്ധ്യംകരണം നടപ്പിലാക്കിയതോടെ പാർക്കിന്റെ ശനിദശയും തുടങ്ങി. ഒടുവിൽ പുതിയതായി കൊണ്ടുവന്ന സിംഹങ്ങളും പിന്നീട് ആകെയുണ്ടായിരുന്ന ഏക സിംഹമായ ബിന്ദുവും കഴിഞ്ഞ ജൂണിൽ മരിച്ചതോടെ പേരിൽ മാത്രമായി ലയൺ സഫാരി പാർക്ക്. ഇവിടെയിപ്പോൾ ചികിത്സക്കായി കൊണ്ടുവന്നിട്ടുള്ള കടുവ മാത്രമാണ് ആകെയുള്ള വന്യജീവി.
ലയൺ സഫാരി പാർക്ക് വന്യമൃഗങ്ങളുടെ ചികിത്സാകേന്ദ്രമാക്കാനുള്ള നീക്കം നടന്നത് അടുത്തകാലത്താണ്. എന്നാൽ ഇതിനെതിരെ പാർക്കിനെ സ്നേഹിക്കുന്നവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നടപടി അവസാനിപ്പിച്ചു. പിന്നീട് സിംഹങ്ങളെ എത്തിക്കും എന്നൊക്കെ വാഗ്‌ദാനം ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ പുതിയ സിംഹങ്ങളെ കൊണ്ടുവരാൻ തടസ്സം അനുമതിയില്ലായ്മയെന്ന് വനം വകുപ്പ് പറയുന്നു.