
മലയിൻകീഴ്: കാൽനട യാത്ര പോലും ദുഷ്കരമായ പഞ്ചായത്ത് റോഡുകൾ തകർന്ന് തരിപ്പണമായിട്ട് കാലങ്ങൾ കഴിഞ്ഞു. ജീവൻപണപ്പെടുത്തിയാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യേണ്ടിവരുന്നത്. മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട മൂഴിനട -മഞ്ചാടി റോഡ്, ഇരട്ടക്കലുങ്ക്-പുത്തൻവിള റോഡ്, മേപ്പൂക്കട-മിനിഎസ്റേറ്റ് എന്നീ റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് അധികൃതർക്കാർക്കും മിണ്ടട്ടമില്ല. ശാന്തുമൂല-കോയിക്കൽ റോഡ് തകർന്ന് വൻകുഴി രൂപപ്പെട്ടിട്ടും കാലമേറെയായി. മഴക്കാലത്ത് അപകടക്കെണിയാകാറുണ്ടിവിടെ. ഇരുചക്ര വാഹനമൊഴികെ മറ്റൊന്നും ഇതുവഴി നിലവിൽ പോകാറില്ല. മെയ്‌വവഴക്കവും സർക്കസ് പരിശീലനമുള്ളവർക്കേ ഇരുചക്രവാഹനത്തിൽ ഈ റോഡ്കൾ താണ്ടാനാകൂ. മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റ് യാത്രബുദ്ധിമുട്ട് നേരിടുമ്പോഴും കാർ, മിനി ലോറി യാത്രക്കാർ ഈ റോഡിലൂടെയാണ് പോകാറുള്ളത്. നിരവധി കുടുംബങ്ങളാണ് ഈ റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്. ഏക ആശ്രയമായ റോഡ് നവീകരിക്കണമെന്ന് പലവട്ടം ആവശ്യമുയർന്നെങ്കിലും ഉടൻ ശരിയാക്കുമെന്ന പതിവ് പല്ലവിയാണ് പഞ്ചായത്ത് അധികൃതരിൽ നിന്ന് ലഭിക്കുന്നത്.
12 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച ഈ റോഡിൽ വൻകുഴികൾ മാത്രമാണ് ഭൂരിഭാഗത്തുമുള്ളത്. കുഴികളിൽ വീണ് ഇരു ചക്രവാഹന യാത്രികർ അപകടത്തിലാകുന്നത് പതിവായിട്ടുണ്ട്. എന്നാൽ ഈ റോഡ് നവീകരണത്തിന് ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. റോഡ് നവീകരിക്കാൻ മെറ്റലും അനുബന്ധസാധനങ്ങളും ഇറക്കിയിട്ടെങ്കിലും റോഡിലെ വെള്ളക്കെട്ട് മാറാൻ കാത്തിരിക്കുന്നതായിട്ടാണ് അധികൃതർ നൽകുന്ന വിവരം.
റോഡുകൾ പലതും തകർന്നു
വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തെ റോഡുകളുടെയും അവസ്ഥ വിഭിന്നമല്ല. വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാല - ഇരട്ടക്കുളം ചൊവ്വള്ളൂർ റോഡും അപകടപാതയായി മാറിയിട്ടുണ്ട്. വിളപ്പിൽശാല നിന്ന് ചൊവ്വള്ളൂർ ക്ഷേത്രത്തിലേക്കുള്ള രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് തകർന്ന് കാൽനടയാത്ര പോലും ദുസഹമായി. പേയാട് -ചീലപ്പാറ, വടക്കേജംഗ്ഷൻ - വിളയിൽ ദേവീക്ഷേത്രം, നെടുങ്കുഴി - പരുത്തംപാറ, പ്ലാവിള - മലപ്പനംകോട്, കാവുവിള - മലപ്പനംകോട് എന്നീ റോഡുകളുടെ അവസ്ഥയും വിഭിന്നമല്ല. വിഴവൂർ - പൊറ്റയിൽ, കല്ലുപാലം - വേങ്കൂർ,പുതുവീട്ട്മേലെ - കുരിശുമുട്ടം എന്നീ വിളവൂർക്കൽ പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമല്ല. സമീപ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവയാണ് ഇവയിൽ മിക്ക റോഡും.
ജീവൻ പണയപ്പെടുത്തി യാത്ര
റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. പുന്നാവൂർ - അറ്റത്തുകോണം,വണ്ടനൂർ - കുക്കുറുണി എന്നീ മാറനല്ലൂർ പഞ്ചായത്ത് റോഡുകളും തകർന്ന സ്ഥിതിയാണ്. സ്വകാര്യ വാഹനങ്ങൾ ഇതുവഴി കടന്നുപേകുന്നത് ജീവൻ പണയപ്പെടുത്തിയാണ്. പഞ്ചായത്തുകൾ കൃത്യതയോടെ അറ്റകുറ്റപ്പണികളെങ്കിലും ചെയ്തിരുന്നെങ്കിൽ അപകട വ്യാപ്തി കുറയ്ക്കാനാകുമായിരുന്നു. മഴ പെയ്താലുടൻ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.